CRICKET

0, 0, 0; ടി20 ലോകകപ്പില്‍ ആരും ആഗ്രഹിക്കാത്ത റെക്കോര്‍ഡിനൊപ്പം അഭിഷേക് ശര്‍മ

മുഹമ്മദ് സിറാജിന്റെ ജെഴ്‌സിയുമണിഞ്ഞാണ് താരം ഇന്ന് കളിക്കളത്തില്‍ ഇറങ്ങിയത്

Author : ന്യൂസ് ഡെസ്ക്

ടി20 ലോകകപ്പില്‍ റണ്‍സ് നേടുക എന്ന അഭിഷേക് ശര്‍മയുടെ മോഹം ഇനിയുമകലെ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടും ഡെക്കായി പുറത്തു പോയതോടെ ടി20 ബാറ്റര്‍മാരിലെ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ പ്രകടനത്തില്‍ ആരാധകരും ആശങ്കയിലാണ്.

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ച് ഇന്ത്യ സൂപ്പര്‍ 8 ല്‍ പ്രേവശിച്ചിട്ടും അഭിഷേക് ശര്‍മയ്ക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ഗോള്‍ഡന്‍ ഡക്കായി. നമീബിയക്കെതിരായ രണ്ടാം മത്സരത്തില്‍ അണുബാധയെ തുടര്‍ന്ന് കളിക്കാനായില്ല. മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെതിരേയും നാലാം പന്തില്‍ പൂജ്യത്തിന് മടങ്ങി. ഇപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെതിരേയും സമാന വിധി തന്നെ.

നെതര്‍ലന്‍ഡ്‌സിനെതിരെ ഓപ്പണറായി ഇറങ്ങിയ അഭിഷേകിനെ മൂന്നാമത്തെ പന്തിലാണ് ആര്യന്‍ ദത്ത് പുറത്താക്കിയത്. കൗതുകമുണര്‍ത്തിയ കാര്യം, മുഹമ്മദ് സിറാജിന്റെ ജെഴ്‌സിയുമണിഞ്ഞാണ് താരം ഇന്ന് കളിക്കളത്തില്‍ ഇറങ്ങിയത്.

മൂന്നാമത്തെ ഡെക്കോടെ ഒരു റെക്കോര്‍ഡും അഭിഷേകിന്റെ പേരിലായിട്ടുണ്ട്. ടി20 ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍ എന്ന ആരും ആഗ്രഹിക്കാത്ത റെക്കോര്‍ഡാണ് അഭിഷേകിനെ തേടിയെത്തിയിരിക്കുന്നത്. മൂന്ന് ഡെക്കുകളുള്ള ആശിഷ് നെഹ്‌റയ്‌ക്കൊപ്പമാണ് അഭിഷേകിന്റേയും സ്ഥാനം.

അന്താരാഷ്ട്ര തലത്തില്‍ അഞ്ച് ഡക്കുകളുമായി പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയും ശ്രീലങ്കയുടെ തിലകരത്ന ദില്‍ഷനുമാണ് പട്ടികയില്‍ മുന്നിലുള്ളത്.

ഫോം വീണ്ടെടുക്കാന്‍ പ്രയാസപ്പെടുന്ന താരത്തോട് ആദ്യം ഒരു സിംഗിള്‍ എടുക്കാന്‍ ശ്രമിക്കണമെന്നായിരുന്നു നെതര്‍ലന്‍ഡ്‌സുമായുള്ള മത്സരത്തിന് മുന്നോടിയായി സുനില്‍ ഗവാസ്‌കര്‍ നല്‍കിയ ഉപദേശം. സിംഗിള്‍ എടുത്ത് ഗ്രിപ്പ് നേടിയ ശേഷം മുന്നോട്ടു പോകാനായിരുന്നു മുന്‍ താരത്തിന്റെ ഉപദേശം.

SCROLL FOR NEXT