കൊളംബോ: ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ഗ്ലാമറസ് പോരാട്ടം തുടങ്ങും മുൻപേ വാക്പോരുകളാൽ സജീവമായിരുന്നു ക്രിക്കറ്റ് ലോകം. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ വെല്ലുവിളിച്ച് കൊണ്ട് പാക് ബൗളർമാർ നടത്തിയ വെല്ലുവിളികൾ ശ്രദ്ധേയമായിരുന്നു. പവർപ്ലേയിൽ മറ്റു ടീമുകളുടെ ബൗളർമാരെയെല്ലാം തല്ലിത്തകർക്കുന്ന അഭിഷേകിനെ പാകിസ്ഥാൻ ആദ്യമേ തന്നെ എറിഞ്ഞിടുമെന്ന് ആയിരുന്നു പാകിസ്ഥാനിൽ നിന്നുള്ള വെല്ലുവിളി.
എന്നാൽ ഇന്ത്യ-പാകിസ്ഥാൻ എ ഗ്രൂപ്പ് മാച്ചിലെ ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായത് ഇന്ത്യൻ ആരാധകർക്ക് നിരാശ പകർന്നു. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയെറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിലാണ് അനായാസ ക്യാച്ച് സമ്മാനിച്ച് ശർമ മടങ്ങിയത്. മിഡ് ഓണിലേക്ക് ഉയർത്തി അടിക്കാനുള്ള ശ്രമം ഷഹീൻ അഫ്രീദിയുടെ കൈകളിൽ ഒതുങ്ങി. ഈ സമയം ഇന്ത്യൻ സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമാണ് ഉണ്ടായിരുന്നത്.
ടി20 ലോകകപ്പിൽ അഭിഷേകിന്റെ രണ്ടാമത്തെ ഡക്കാണിത്. ടൂർണമെൻ്റിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യുഎസ്എയ്‌ക്ക് എതിരെയും താരം പൂജ്യത്തിന് പുറത്തായിരുന്നു. താരം ഫോമിൽ അല്ലെന്ന സൂചനകളാണ് ആദ്യ മത്സരങ്ങളിൽ നിന്ന് ലഭിക്കുന്നത്. തുടർന്ന് ഡൽഹിയിൽ നമീബിയയ്‌ക്കെതിരായ രണ്ടാം മത്സരത്തിൽ അസുഖം കാരണം ഇടംകൈയ്യൻ ബാറ്റർ കളിച്ചിരുന്നില്ല.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇരുടീമുകളും എത്തുമ്പോൾ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് ക്രിക്കറ്റ് മാമാങ്കമാണ് നടക്കുക. ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഇന്ന് മുഖത്ത് നോക്കുകയോ ഹസ്തദാനം നടത്തുകയോ ചെയ്തിട്ടില്ല.