ഐസിസി ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ലെജൻഡ് വിരാട് കോഹ്‌ലി. ഇതോടെ ഒന്നാം സ്ഥാനത്തായിരുന്ന രോഹിത് ശർമ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ 91 പന്തിൽ നിന്ന് 93 റൺസെടുത്ത കോഹ്ലിയുടെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു.
കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനം മുതൽ കോഹ്ലി മികച്ച ഫോമിലായിരുന്നു. ഏകദിനത്തിൽ താരം കളിച്ച അവസാനത്തെ അഞ്ച് മത്സരങ്ങളിലും അമ്പതിന് മുകളിൽ റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 74, 135, 102, 65 നോട്ടൗട്ട്, 93 എന്നിങ്ങനെയാണ് കോഹ്ലിയുടെ പ്രകടനം.
37കാരനായ കോഹ്ലി പതിനൊന്നാം തവണയാണ് ഐസിസി ഏകദിന ബാറ്റർമാരിൽ ടോപ്പറായി മാറുന്നത്. 2021 ജൂലൈയിലാണ് അവസാനമാണ് കോഹ്ലി ഒന്നാം റാങ്കിലെത്തിയിരുന്നത്. 825 ദിവസമാണ് കോഹ്ലി ഏകദിന ബാറ്റർമാരിൽ ഒന്നാമനായി തുടർന്നിട്ടുള്ളത്. ഇത് ക്രിക്കറ്റ് ചരിത്രത്തിലെ പത്താമത്തെ ഉയർന്ന റാങ്കിങ് നേട്ടമാണ്. കോഹ്ലി കരിയറിൽ ആദ്യമായി ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത് 203 ഒക്ടോബറിലായിരുന്നു.