ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്‌വയുടെ കുതിപ്പിന് തടയിട്ട് വെസ്റ്റ് ഇൻഡീസ്. 107 റൺസിനാണ് വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയെക്ക് മുന്നിൽ വെച്ചത് 255 റൺസെന്ന കൂറ്റൻ സ്കോറായിരുന്നു. അട്ടിമറി വീരന്മാരായ സിംബാബ്‌വെ മറ്റൊരു അട്ടിമറി ലക്ഷ്യമിട്ടാണ് ഇറങ്ങിയതെങ്കിലും 17.4 ഓവറിൽ വെസ്റ്റ് ഇൻഡീസ് സംഘം സിംബാബ്‌വെയെ പൂട്ടി. 17.4 ഓവറിൽ വെറും 147 റൺസെടുത്ത് സിംബാബ്‌വെ പുറത്തായതോടെ 107 റൺസ് വിജയമെന്ന ഗംഭീര വിജയമാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്.
ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ എന്നിവരുടെ മികച്ച പ്രകടനമാണ് വെസ്റ്റ് ഇൻഡീസിനെ സ്കോർ ഉയർത്തുന്നതിൽ സഹായിച്ചത്. സിംബാബ്‌വെയ്ക്കായി അവസാന നിമിഷം ബ്രാഡ് ഇവാൻസ് തൻ്റെ പ്രകടനം പുറത്തെടുത്തെങ്കിലും വെസ്റ്റ് ഇൻഡീസ് ഉയർത്തിയ കൂറ്റൻ സ്കോറിനെ മറികടക്കാൻ പര്യാപ്തമായിരുന്നില്ല അത്. ബ്രാഡിന് പുറമേ ഡിയോൺ മേർസ്, സിക്കന്ദർ റാസ, മരുമാനി, ടോണി മുന്യോഗ എന്നിവരാണ് സിംബാബ്‌വെയുടെ സ്കോർ ഉയർത്തുന്നതിൽ കുറച്ചെങ്കിലും സഹായിച്ചത്.
ലോകകപ്പിൽ സിംബാബ്‌വെയുടെ ആദ്യ തോൽവി കൂടിയാണിത്. ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ടീം ടോട്ടൽ നേടിയ വെസ്റ്റ് ഇൻഡീസിൻ്റെ മികച്ച പ്രകടനങ്ങിലൊന്നിനാണ് ഇന്ന് വാംഖഡെ സ്റ്റേഡിയം സാക്ഷിയായത്. ഹെറ്റ്മെയർ തുടങ്ങി വെച്ച മിന്നൽ ബാറ്റിംഗിന് പിന്നാലെ വന്ന ഓരോരുത്തരും സിംബാബ്‌വെ ബൗളർമാരെ നിലംതൊടീക്കാതെ പറത്തി. ഇത് ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലിലേക്കാണ് വെസ്റ്റ് ഇൻഡീസിനെ നയിച്ചത്. ആദ്യ ലോകകപ്പിൽ ശ്രീലങ്ക കെനിയയ്ക്കെതിരെ നേടിയ 260 റൺസാണ് ഏറ്റവും കൂടിയ ടീം ടോട്ടൽ.