എം.എസ്. ധോണി Source: Instagram/ CSK
CRICKET

അടുത്ത സീസണിൽ ധോണി കളിക്കുമോ? പ്രതികരിച്ച് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്

ഈ സീസണിന് മുന്നോടിയായി ധോണിയെ ഒരു 'അൺക്യാപ്പ്ഡ് പ്ലേയർ' ആയിട്ടാണ് ചെന്നൈ നിലനിർത്തിയത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: 2026 ഐപിഎൽ സീസണിൽ നിന്ന് പ്ലേ ഓഫ് പോരാട്ടത്തിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്‌സ് പുറത്താക്കപ്പെട്ടതോടെ.. അടുത്ത ചോദ്യം അവരുടെ ലെജൻഡറി താരം എം.എസ്. ധോണി ഇനി ഒരു സീസൺ കൂടി മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങുമോ എന്നതാണ്. ഈ സീസണിന് മുന്നോടിയായി ധോണിയെ ഒരു 'അൺക്യാപ്പ്ഡ് പ്ലേയർ' ആയിട്ടാണ് ചെന്നൈ നിലനിർത്തിയത്.

ക്ലബ്ബിനായി കൂടുതൽ യുവതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെ ടീമിൽ എടുത്തതെങ്കിലും തുടർച്ചയായ പരിക്കുകൾ കാരണം സീസൺ ഒരിക്കൽ പോലും അദ്ദേഹത്തിന് കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ ചെന്നൈയ്ക്ക് അവശേഷിക്കുന്നത് ഒരു മത്സരം മാത്രമാണ്. അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് സിഎസ്കെയുടെ അവസാനത്തെ പോരാട്ടം.

ടീമിലെ കളിക്കാരനായുള്ള ധോണിയുടെ ഭാവിയെ പറ്റി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിനോട് ചോദിച്ചപ്പോൾ, അത് മാനേജ്മെൻ്റിൻ്റെ തീരുമാനമാണെന്നാണ് അദ്ദേഹം മറുപടി നൽകിയത്. സിഎസ്കെയുടെ ഡ്രസിങ് റൂമിലെ ദീർഘകാലമായുള്ള സാന്നിധ്യങ്ങളാണ് ധോണിയും ഫ്ലെമിങും. പരിശീലക സ്ഥാനത്ത് എത്തുന്നതിന് മുൻപ് ഫ്ലെമിംഗ് 2008ൽ ധോണിക്കൊപ്പം മൈതാനത്തുണ്ടായിരുന്നു. ഈ സീസണിൽ ധോണി കളത്തിൽ ഇറങ്ങിയില്ലെങ്കിലും, ഡ്രസിങ്‌ റൂമിൽ അദ്ദേഹത്തിൻ്റെ സാന്നിധ്യം യുവതാരങ്ങൾക്ക് പ്രചോദനമാണെന്ന് ഫ്ലെമിങ് വ്യക്തമാക്കി.

"അത് മാനേജ്മെൻ്റിൻ്റെ തീരുമാനമാണ്. പുറത്ത് ഇതിനെ കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ വർഷം മുഴുവൻ എം.എസ്. ധോണി ടീമിനൊപ്പം സജീവമായി ഉണ്ടായിരുന്നു. അത് ടീമിനും യുവതാരങ്ങൾക്കും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അദ്ദേഹം കളിച്ചിട്ടില്ലെങ്കിലും ടീമിൽ വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഞങ്ങൾ ഒരുപാട് മികച്ച കാര്യങ്ങൾ ഈ സീസണിൽ ചെയ്തിട്ടുണ്ട്. സിഎസ്കെയുടെ ഭാവി വാഗ്ദാനങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്ന ചില പുതിയ കളിക്കാരെ ഞങ്ങൾ ഈ സീസണിൽ അവതരിപ്പിച്ചു. ജയം, തോൽവി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഞങ്ങളെ വിലയിരുത്തുന്നതെന്ന് എനിക്കറിയാം. അത് ന്യായവുമാണ്. അതുകൊണ്ട് തന്നെ ധോണിയുടെ കാര്യം മാനേജ്മെൻ്റ് തീരുമാനമാണ്, എൻ്റേതല്ല." ഫ്ലെമിങ് പറഞ്ഞു.

സീസണിലുടനീളം ഒരു കളിക്കാരനെന്ന രീതിയിൽ ധോണി തുടരുമോ എന്ന കാര്യത്തിൽ ആകാംക്ഷ നിലനിന്നിരുന്നു. വിക്കറ്റ് കീപ്പർ ബാറ്ററായ താരത്തിന് പരിക്ക് മൂലമാണ് മാറി നിൽക്കേണ്ടി വന്നതെന്ന് സിഎസ്കെ മാനേജ്മെൻ്റ് ആവർത്തിച്ച് പറഞ്ഞെങ്കിലും, യുവ താരങ്ങൾക്ക് അവസരം കൊടുക്കാൻ വേണ്ടി ധോണി മനപ്പൂർവം മാറി നിൽക്കുന്നതാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.

ഹൈദരാബാദിനെതിരെ ധോണി കളിച്ചേക്കുമെന്ന വാർത്ത വന്നപ്പോൾ സുനിൽ ഗവാസ്കർ അക്കാര്യം തള്ളിക്കളഞ്ഞിരുന്നു. സിഎസ്‌കെ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ആഗ്രഹിക്കുന്നുണ്ടാകും എന്നായിരുന്ന അദ്ദേഹം പറഞ്ഞത്. എന്തു തന്നെയായാലും അടുത്ത സീസണിൽ ധോണി കളിക്കുമോ എന്ന ചോദ്യത്തിന് സമീപകാലത്തൊന്നും വ്യക്തമായ ഒരുത്തരം ലഭിച്ചേക്കില്ല.

SCROLL FOR NEXT