വനിതാ ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ കന്നിക്കിരീടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. വൈകുന്നേരം മൂന്ന് മണിക്കാണ് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരം. സെമി ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ധൈര്യത്തിലാണ് ഹര്‍മന്‍പ്രീതും സംഘവും ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.
ദക്ഷിണാഫ്രിക്കയും ആദ്യ കിരീടം എന്ന മോഹവുമായാണ് എത്തുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവും ഒപ്പമുണ്ട്. ഇരു ടീമുകളും ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത മത്സരം തീപാറുമെന്ന് ഉറപ്പ്.
കളിച്ച മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ച സ്റ്റേഡിയമാണ് ഡി വൈ പാട്ടീല്‍ സ്റ്റേഡിയം. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യക്ക് തുണയാകും. നിലവിലെ മികച്ച ബാറ്റിങ് നിരയും ഹോം ഗ്രൗണ്ട് ആനുകൂല്യവും ഇന്ത്യക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.
ജെമിമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവര്‍ സ്ഥിരത കാത്തു സൂക്ഷിച്ചാല്‍ ഇന്ത്യക്ക് പേടിക്കേണ്ടി വരില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ക്യാപ്റ്റന്‍സിയും മികച്ചതാണ്. ദീപ്തി ശര്‍മ്മ, സ്‌നേഹ് റാണ, രാധാ യാദവ് എന്നിവരടങ്ങിയ സ്പിന്‍ നിരയും ഇന്ത്യക്ക് കരുത്താണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടി താരങ്ങളില്‍ ഒരാളാണ് ദീപ്തി ശര്‍മ. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകും.
മാരിസാന്‍ കാപ്പ്, നദിന്‍ ഡി ക്ലര്‍ക്ക് എന്നീ ഓള്‍റൗണ്ടര്‍മാരാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ഇന്ത്യ ഏറ്റവും കൂടുതല്‍ ഭയക്കേണ്ടതും ഇവരെ തന്നെ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇവര്‍ അപകടകാരികളാകും. ഹോം ഗ്രൗണ്ടിലെ ഫൈനല്‍ എന്ന സമ്മര്‍ദം അതിജീവിക്കാന്‍ കഴിയുക എന്നതാകണം ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. മഴ കളി തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. ഓവര്‍ വെട്ടിച്ചുരുക്കിയുള്ള മത്സരങ്ങളില്‍ പ്രകടനം പെട്ടെന്ന് മെച്ചപ്പെടുത്തേണ്ടത് വെല്ലുവിളിയാകും.
ലോകകപ്പ് ഫൈനലില്‍ ആദ്യമായി എത്തിയ ദക്ഷിണാഫ്രിക്ക ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട്, ഓള്‍റൗണ്ടര്‍മാരായ മാരിസാന്‍ കാപ്പ്, നദിന്‍ ഡി ക്ലര്‍ക്ക് എന്നിവരുടെ മികച്ച ഫോമാണ് ദക്ഷിണാഫ്രിക്കയുടെ ബലം. ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നിലയില്‍ മികച്ച ഫോമിലാണ് ലോറ വോള്‍വാര്‍ട്ട്. ഇന്ത്യന്‍ സ്പിന്‍ നിരയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ തുറുപ്പ്ചീട്ടാകും ലോറ.
ഈ ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ടീമാണ് ദക്ഷിണാഫ്രിക്ക. ഇൗ ലോകകപ്പില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് കീഴടക്കിയ ആത്മവിശ്വാസവുമായാണ് അവര്‍ ഇറങ്ങുന്നത്. എട്ടില്‍ ആറ് കളിയും ജയിച്ചെത്തുന്ന സന്തുലിതമായ സംഘവുമായാണ് 26 ക്കാരി ലോറ വോള്‍വാര്‍ഡ് കലാശപ്പോരിലേക്കെത്തുന്നത്.
നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ആകെ കളിച്ച 34 ഏകദിനത്തില്‍ 20ലും ജയം ഇന്ത്യക്കൊപ്പം. 13ല്‍ ദക്ഷിണാഫ്രിക്ക വിജയിക്കുകയും ചെയ്തു. അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ പ്രോട്ടീസ് കരുത്ത് കാട്ടിയതാണ്.
നവിമുംബൈയില്‍ ആര് വിജയിച്ചാലും ചരിത്രമാണ്. ഏകദിന ലോകകപ്പിന് പുതിയ അവകാശികളാകും. ലോകകപ്പ് ചാംപ്യന്‍മാര്‍ ആരാകും, ഇന്ത്യ കിരീടമുയര്‍ത്തുമോ? എല്ലാ കണ്ണുകളും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്ക്..