Image: X  NEWS MALAYALAM 24x7
CRICKET

'ബുംറയെയൊക്കെ അവര്‍ എങ്ങനെ നേരിടും? ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം'; പാക് ടീമില്‍ പ്രതീക്ഷയില്ലാതെ മുന്‍താരങ്ങള്‍

ഇന്ത്യൻ താരങ്ങളുടെ ആത്മവിശ്വാസം കണ്ടില്ലെന്ന് നടിക്കരുതെന്ന് ഷാഹിദ് അഫ്രീദി

Author : ന്യൂസ് ഡെസ്ക്

കാത്തിരുന്ന പോരാട്ടത്തിനാണ് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കാനിരിക്കേ ഒരു ഫൈനലിനേക്കാള്‍ ആവേശമുണ്ട്. ബഹിഷ്‌കരണ ആഹ്വാനങ്ങളും വിവാദങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍ മികച്ച ഒരു മത്സരമായിരിക്കണം എന്നാകും കായിക പ്രേമികള്‍ ആഗ്രഹിക്കുന്നുണ്ടാകുക.

ഇതിനിടയില്‍ പാക് താരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഷാഹിദ് അഫ്രീദി. പാക് താരങ്ങളുടെ ശരീര ഭാഷയില്‍ പോലും ആത്മവിശ്വാസം തോന്നുന്നില്ലെന്നാണ് അഫ്രീദിയുടെ വിമര്‍ശനം. ഇതില്‍ ഇന്ത്യയെ കണ്ട് പഠിക്കണമെന്നും അഫ്രീദി പറയുന്നു.

ഏഷ്യാ കപ്പിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഗ്രൗണ്ടില്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തെ പ്രകീര്‍ത്തിച്ചാണ് അഫ്രീദിയുടെ പരാമര്‍ശങ്ങള്‍. പുതുമുഖങ്ങളായിട്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് അനുഭവപരിചയം കുറവാണെങ്കിലും അവര്‍ ഗ്രൗണ്ടില്‍ അസാമാന്യ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നതെന്നാണ് അഫ്രീദിയുടെ വാക്കുകള്‍.

ഇന്ത്യന്‍ ടീമിലെ പുതുമുഖം വരെ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം കണ്ടില്ലെന്ന് നടിക്കരുതെന്നും അഫ്രീദി പാക് താരങ്ങളെ ഉപദേശിക്കുന്നു. പാകിസ്ഥാന്‍ യൂട്യൂബ് ചാനലായ ബികെഎച്ചിലൂടെയായിരുന്നു അഫ്രീദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'ഇന്ത്യന്‍ ടീമിലേക്ക് വരുന്ന പുതിയ കളിക്കാരുടെ വരെ ശരീരഭാഷ ശ്രദ്ധിക്കണം. എന്തിനും തയ്യാറാണവര്‍. ഇതിനകം നൂറ് മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു, അന്താരാഷ്ട്ര താരങ്ങളുമായി ഡ്രസ്സിംഗ് റൂം പങ്കിട്ടു കഴിഞ്ഞു. അവര്‍ക്ക് സമ്മര്‍ദ്ദമോ പേടിയോ ഇല്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവര്‍ വരുന്നത്. ഇന്ത്യയുടെ ബി ടീമിനു പോലും ഏഷ്യാ കപ്പ് നേടാന്‍ കഴിയും'. അഫ്രീദിയുടെ വാക്കുകള്‍ ഇങ്ങനെ.

ഷാഹിദ് അഫ്രീദിക്കു സമാനമായ പരാമര്‍ശങ്ങളാണ് മുന്‍ പാക് താരങ്ങളായ റമീസ് രാജ, ഷൊഹൈബ് മാലിക്, ഷൊഹൈബ് അക്തര്‍ എന്നിവരില്‍ നിന്നുമുണ്ടായത്. ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന് നിര്‍ണായകമാകുമെന്നാണ് മുന്‍ താരങ്ങളുടെ വിലയിരുത്തല്‍. ഈ മത്സരത്തോടെ ലോക ക്രിക്കറ്റില്‍ പാകിസ്ഥാന്റെ നില എന്താണെന്ന് വ്യക്തമാകുമെന്നും മുന്‍ താരങ്ങള്‍ പറയുന്നു.

ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതം നടക്കണമെന്നാണ് റമീസ് രാജ ഒരു മാധ്യമത്തിനോട് പ്രതികരിച്ചത്. ലോക ക്രിക്കറ്റില്‍ പാകിസ്ഥാന്‍ എവിടെ നില്‍ക്കുന്നുവെന്നതിന്റെ ഉത്തരമായിരിക്കും ഇന്ത്യക്കെതിരായ മത്സരമെന്നാണ് ഷൊഹൈബ് മാലിക് പ്രതികരിച്ചത്. ഒമാനെതിരെ ജയിച്ചതു പോലെ ഇന്ത്യക്കെതിരെ നടക്കില്ല. അതിന് കൃത്യമായ പ്ലാന്‍ വേണം. ബാറ്റിങ് സൂക്ഷ്മമായിരിക്കണം. ജസ്പ്രീത് ബൂംറയെയൊക്കെ പാക് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്ന് കണ്ടറിയണമെന്നും ഷൊഹൈബ് മാലിക് പറയുന്നു.

മുന്‍ താരങ്ങള്‍ക്കൊന്നും ഇന്നത്തെ മത്സരത്തില്‍ പ്രതീക്ഷയില്ലെങ്കിലും പാകിസ്ഥാന്‍ പരിശീലകന്‍ മൈക്ക് ഹെസ്സണ്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പാക് സ്പിന്നര്‍ മുഹമ്മദ് നവാസ് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ ആണെന്നാണ് ഹെസ്സണ്‍ പറഞ്ഞത്.

SCROLL FOR NEXT