
ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍പോരാട്ടം. രാത്രി എട്ട് മണിക്ക് ദുബായിലാണ് മത്സരം. ആദ്യ മത്സരത്തില്‍ വമ്പന്‍ ജയത്തോടെയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. പഹല്‍ഗാംഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്.
രാഷ്ട്രീയത്തെ പടിക്ക് പുറത്തു നിര്‍ത്തിയാണ് വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങിയത്. ക്രിക്കറ്റില്‍ ക്ലാസിക്ക് പോരിന് ഒരു മറുപേരുണ്ടെങ്കില്‍ അതിന് അയല്‍ക്കാര്‍ നേര്‍ക്കുനേര്‍ വരണം. പാകിസ്ഥാന്‍ മത്സരിക്കുന്നത് കൊണ്ട് ദുബായിലേക്ക് മാറ്റിയ ടൂര്‍ണമെന്റ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ പുതിയ സംഘര്‍ഷ പശ്ചാത്തലം. ബഹിഷ്‌കരണ ആഹ്വാനവുമായി വിവിധ കോണില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍. കളത്തിന് പുറത്താണ് ഇതുവരെയുള്ള കളിയെങ്കില്‍ ഇനി മൈതാനത്തെ കളിയിലേക്ക് നീങ്ങുകയാണ്.
ആതിഥേയരായ യുഎഇയെ തച്ച് തകര്‍ത്ത് 9 വിക്കറ്റിന്റെ ഉജ്വല ജയവുമായാണ് ഇന്ത്യ വരുന്നതെങ്കില്‍ ഒമാനെ 93 റണ്‍സിന് തകര്‍ത്താണ് പാകിസ്ഥാന്‍ കച്ചകെട്ടുന്നത്. ഒരു ജയം ഇരുടീമിനും സൂപ്പര്‍ഫോറിലേക്ക് വഴിയൊരുക്കും. പക്ഷേ ടൂര്‍ണമെന്റിലെ ജയമല്ല സൂപ്പര്‍പോരിലെ ജയമാണ് രണ്ട് ടീമിന്റെയും പ്രധാനലക്ഷ്യം.
ഏത് കൊമ്പനെയും വീഴ്ത്താവുന്ന കരുത്തുണ്ട് സൂര്യകുമാറിനും സംഘത്തിനും. എട്ടാമനായി അക്‌സര്‍ പട്ടേല്‍ ഇറങ്ങുന്ന ബാറ്റിംഗ് ലൈനപ്പ്. ഏഴ് താരങ്ങള്‍ക്കെങ്കിലും പന്തേല്‍പ്പിക്കാവുന്ന ബൗളിംഗ് നിര. യുഎഇയിലെ സ്ലോ ട്രാക്കില്‍ കരുത്തുകാട്ടാന്‍ കുല്‍ദീപിന്റെ നേതൃത്വത്തില്‍ സ്പിന്‍നിര, ജസ്പ്രീത് ബുംറയുടെ സാന്നിധ്യം. ഇതൊക്കെയാണ് ഇന്ത്യയുടെ ആത്മവിശ്വാസം.
മുഹമ്മദ് റിസ്വാനും ബാബര്‍ അസമുമില്ലെങ്കിലും കരുത്തൊട്ടും ചോര്‍ന്നിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍. എന്നാല്‍ ഒമാനെതിരെ പെരുമകേട്ട ബാറ്റിംഗ് നിര പതറിയത് ഇന്ത്യക്കും പ്രതീക്ഷ നല്‍കും. ടീമില്‍ കാര്യമായ മാറ്റമുണ്ടാകില്ലെങ്കിലും പേസ് നിരയിലേക്ക് അര്‍ഷ്ദീപിന് അവസരം നല്‍കുന്നതും ഇന്ത്യ പരിഗണിക്കും.
ടി20 ഫോര്‍മാറ്റില്‍ 2022ലെ ഏഷ്യാകപ്പില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ സൂപ്പര്‍ഫോറില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചു. കഴിഞ്ഞ ടി20 ലോകകപ്പിലാകട്ടെ 119 റണ്‍സ് ഇന്ത്യ പ്രതിരോധിച്ചതും പാകിസ്ഥാനെതിരായ ആവേശജയങ്ങളിലൊന്ന്.
സാമൂഹികമാധ്യമങ്ങളിലും ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടത്തിന് വീറുംവാശിയും നിറയുകയാണ്. ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്സ് മത്സരത്തിന്റെ കാര്‍ഡ് പാകിസ്ഥാന്റെ പേര് ഒഴിവാക്കി നല്‍കിയത് വലിയ ചര്‍ച്ചയായി. മറുപടിയായി പാക് നായകന്റെ ചിത്രത്തിനൊപ്പം ഇന്ത്യന്‍ താരത്തിന്റെ നിഴല്‍നല്‍കിയാണ് കറാച്ചി കിംഗ്സിന്റെ മറുപടി. കളത്തില്‍ താരങ്ങളും ഇതേവാശിയില്‍ പോരാട്ടം തുടര്‍ന്നാല്‍ ഏഷ്യാകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാകും ദുബൈ സാക്ഷിയാവുക.