അർജൻ്റീനൻ ഇതിഹാസ താരമായ ലയണൽ മെസ്സി ഇൻ്റർ മയാമിയിൽ തന്നെ തുടരുമെന്ന് സൂചന. നിലവിൽ ഫ്രീ ഏജൻ്റായ മെസ്സി കരാർ പുതുക്കിയിട്ടില്ലെന്ന ആശങ്കകൾക്കിടയിൽ എംഎൽഎസിലെ പ്രധാനപ്പെട്ട ക്ലബ്ബായ ഇൻ്റർ മയാമിയിലേക്ക് മറ്റൊരു അർജൻ്റീനൻ താരം കൂടിയെത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അർജൻ്റീനയുടെ മിഡ് ഫീൽഡറായ റോഡ്രിഗോ ഡി പോൾ മെസ്സി നായകനായ ഇൻ്റർ മയാമിയുമായ കരാറിലെത്തിയെന്നാണ് റിപ്പോർട്ട്. നാലു വർഷത്തെ കരാറിലാണ് താരം മയാമിലേക്കെത്തുക. നിലവിൽ അത്ലറ്റിക്കോ മാഡ്രിഡ് താരമാണ് ഡി പോൾ. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് ബിയിൻ സ്പോർട്സ് റിപ്പോർട്ട് ചെയ്തു.
മയാമി ഡി പോളിന് പകരം 15 മില്യൺ യൂറോയും അനുബന്ധ ആനുകൂല്യങ്ങളും നൽകുന്നതിന് അത്‌ലറ്റിക്കോ മാഡ്രിഡുമായി ഒരു കരാറിൽ എത്തിയിട്ടുണ്ട്. അർജൻ്റീനൻ മിഡ് ഫീൽഡർ നാല് വർഷത്തെ കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങുകയാണ്. ഇതോടെ മെസ്സി യുഎസിൽ തുടരുമെന്ന് തന്നെയാണ് സൂചന.
2021ൽ ഉഡിനീസിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിൽ എത്തിയ ശേഷം റോഡ്രിഗോ ഡീഗോ സിമിയോണിക്ക് കീഴിൽ സ്ഥിരമായി കളിക്കുന്നുണ്ട്. 31കാരനായ ഡി പോൾ അവർക്കൊപ്പം 187 മത്സരങ്ങൾ കളിക്കുകയും 14 ഗോളുകൾ നേടുകയും ചെയ്തു.
ലൂയിസ് സുവാരസ് , സെർജിയോ ബുസ്ക്വറ്റ്സ് , ജോർഡി ആൽബ തുടങ്ങിയ താരങ്ങളുമായി കളിക്കാമെന്നതും താരത്തെ എംഎൽഎസിലേക്ക് നയിച്ചുവെന്നാണ് റിപ്പോർട്ട്.