FOOTBALL

ഫുട്‌ബോൾ ആരാധകരുടെ കാത്തിരിപ്പ് നീളും; മാർച്ചിലും മെസി കേരളത്തിലെത്തില്ല

മാർച്ചിലെ ഫിഫ വിൻഡോയിൽ സ്പെയിനിനെതിരായ ഫിനലിസിമയ്ക്ക്, പിന്നാലെ ഖത്തറിൽ സൗഹൃദ മത്സരവും പ്രഖ്യാപിച്ചതോടെയാണ് മെസ്സിയും സംഘവും കേരളത്തിലേക്കില്ലെന്ന് ഉറപ്പായത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളും. ലോകകപ്പിന് മുമ്പ് ലിയോണൽ മെസ്സിയും അർജൻ്റീന ടീമും കേരളത്തിലേക്ക് വരില്ല. മാർച്ചിൽ സ്പെയിനിനെതിരെ കളിക്കുന്ന ഫിനലിസിമ മത്സരത്തിന് പിന്നാലെ ഖത്തറിൽ സൗഹൃദ മത്സരം കളിക്കുമെന്ന് അർജൻ്റൈൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

ഖത്തറിൽ സൗഹൃദ മത്സരം പ്രഖ്യാപിച്ചതോടെയാണ് മെസ്സിയും സംഘവും കേരളത്തിലേക്കില്ലെന്ന് ഉറപ്പായത്. മാർച്ച് 27ന് ലുസൈൽ സ്റ്റേഡിയത്തിൽ ഫിനലിസിമ പോരാട്ടം കഴിഞ്ഞ്, മാർച്ച് വിൻഡോയുടെ അവസാനം കേരളത്തിലേക്ക് മെസ്സിയും സംഘവുമെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ പ്രതീക്ഷകൾ എല്ലാം തകർത്ത് ജൂണിൽ നടക്കുന്ന ലോകകപ്പിന് മുൻപ് മാർച്ച് 31ന് ഖത്തറിനെതിരെ മെസ്സിയും സംഘവും ബൂട്ട്‌ അണിയും. മാർച്ച് 23 മുതൽ 31 വരെയാണ് ഫിഫ വിൻഡോ. ഇതോടെ മാർച്ച് വിൻഡോയിൽ സംസ്ഥാനത്തെത്തുന്നു എന്ന വാർത്ത അടഞ്ഞ അധ്യായമായി.

നവംബറിൽ ഫിഫയുടെ അനുമതി ലഭിക്കാത്തതിനാൽ, അർജൻ്റീന ടീമിൻ്റെ വരവ് മാർച്ചിലേക്ക് മാറ്റിവെച്ചന്നായിരുന്നു നേരത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞിരുന്നത്. അർജൻ്റൈൻ ഫുട്‌ബോൾ അസോസിയേഷനുമായുള്ള ചർച്ചയിൽ മാർച്ചിൽ കളിക്കുമെന്ന ധാരണയിലെത്തിയെന്നും സ്‌പോൺസർ പറഞ്ഞിരുന്നു. കൊച്ചിയിൽ ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. അതേസമയം, ഡിസംബറിൽ ഗോട്ട് ടൂറെന്ന പേരിൽ ദക്ഷിണേന്ത്യയിലെ ഹൈദരാബാദ് ഉൾപ്പെടെയുള്ള നാല് ഇന്ത്യൻ നഗരങ്ങളിൽ മെസ്സി സന്ദർശനം നടത്തിയിരുന്നു.

SCROLL FOR NEXT