പാരിസ്: ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഒസ്‌മാൻ ഡെംബലെ, ലാമിനെ യെമാൽ, എംബാപ്പെ, മുഹമ്മദ് സലാ തുടങ്ങിയ സൂപ്പർ താരങ്ങളാണ് സാധ്യതാപട്ടികയിൽ മുന്നിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് പുരസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.
പ്രകടനം, ടീമിൻ്റെ നേട്ടങ്ങള്‍, കരിയര്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള വോട്ടിങ്ങിലൂടെയാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. ഫിഫ റാങ്കിങില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ 100 സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരാണ് ഇതിനായി വോട്ട് ചെയ്യുക. ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് പ്രത്യേകം പ്രൈസ് മണിയില്ല. ഭാഗികമായി സ്വര്‍ണത്തില്‍ നിര്‍മിച്ച 3500 ഡോളര്‍ വിലയുള്ള ട്രോഫിയാണ് ലഭിക്കുക.
വനിതാ താരത്തിനും പരിശീലകർക്കും യുവതാരങ്ങൾക്കും പുരസ്കാരം നൽകും. ഐതാന ബോണ്‍മാറ്റി, അലക്സി പുറ്റിയാസ്, ലൂസി ബ്രോണ്‍സ് തുടങ്ങിയ താരങ്ങളാണ് സാധ്യതയില്‍ മുന്നില്‍. കൂടാതെ യുവതാരത്തിനുള്ള കോപ്പ ട്രോഫി,ടോപ് സ്‌കോറര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍, ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി, മികച്ച കോച്ചിനുള്ള യൊഹാന്‍ ക്രൈഫ് തുടങ്ങിയ പുരസ്‌കാരത്തിന് അർഹരായവരേയും ചടങ്ങിൽ വച്ച് പ്രഖ്യാപിക്കും. പാരിസിലെ ബാലണ്‍ ഡി ഓര്‍ വേദി ഈ വര്‍ഷത്തെ സ്വര്‍ണപന്തിൻ്റെ അവകാശിയെ തേടുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്. അതൊരു പുതുമുഖം ആയിരിക്കും.
കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിയാണ് മികച്ച പുരുഷ താരമായത്. എന്നാൽ ഇത്തവണ റോഡ്രിയുടെ പേരും പട്ടികയിൽ ഇല്ല. കൂടാതെ എട്ടുതവണ നേട്ടം സ്വന്തമാക്കിയ ലയണല്‍ മെസ്സിയും, അഞ്ച് തവണ നേട്ടത്തിന് അർഹനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇക്കുറി പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. 1956-ൽ ഫ്രാൻസ് ഫുട്ബോൾ ആദ്യമായി നൽകിയ ബാലൺ ഡി ഓർ കായികരംഗത്തെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമാണ്.