
ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഒസ്മാന്‍ ഡെംബലെ, ലാമിന്‍ യെമാല്‍, എംബപ്പെ, സലാ തുടങ്ങിയ സൂപ്പര്‍താരങ്ങളാണ് സാധ്യതാപട്ടികയില്‍ മുന്നില്‍. വനിതാ താരത്തിനും പരിശീലകര്‍ക്കും യുവതാരങ്ങള്‍ക്കും പുരസ്‌കാരം നല്‍കും. രാത്രി 11.15 നാണ് പ്രഖ്യാപനം. അതേസമയം ഇന്ന് ഫ്രഞ്ച് ലീഗില്‍ മത്സരമുള്ളതിനാല്‍ പിഎസ്ജി താരങ്ങളും പരിശീലകനും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഇതിഹാസങ്ങളില്‍ നിന്ന് വഴിമാറി ഫുട്‌ബോള്‍ യുവതലമുറയിലേക്കുള്ള സഞ്ചാരം. ആരാണ് മികച്ച താരമെന്ന് ഒറ്റനോട്ടത്തില്‍ കണ്ടെത്താനാകാത്ത കാലം. ഒരിക്കല്‍ക്കൂടി പാരിസിലെ ബാലണ്‍ദ്യോര്‍ വേദിയില്‍ ഈ വര്‍ഷത്തെ സ്വര്‍ണപന്തിന്റെ അവകാശിയെ തേടുമ്പോള്‍ ഒന്നുറപ്പ് അതൊരു പുതുമുഖമാകും.
ബാലണ്‍ദ്യോര്‍ വാരിക്കൂട്ടിയ ലിയോണല്‍ മെസിയില്ല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ല, നിലവിലെ അവകാശി റോഡ്രിയില്ല, പുതിയ സംഘത്തില്‍ ഏറെയും പിഎസ്ജിയുടെ ചുണക്കുട്ടികള്‍. 30 പേരുടെ പട്ടികയില്‍ ഒന്‍പതും ഫ്രഞ്ച് ക്ലബ്ബില്‍ നിന്നാണ്. സീസണില്‍ ട്രബിള്‍ നേടിയെന്നത് മാത്രമല്ല ചരിത്രത്തിലാദ്യമായാണ് യൂറോപ്യന്‍ കപ്പ് ടീം സ്വന്തമാക്കുന്നതും. എംബാപ്പെയും മെസിയും നെയ്മറും കളിച്ചിട്ടും സ്വന്തമാക്കാത്ത നേട്ടം ടീമിന് സമ്മാനിച്ച ഒസ്മാന്‍ ഡെംബലെ തന്നെയാണ് ബാലണ്‍ദ്യോര്‍ പോരില്‍ മുന്നിലുള്ളത്.
ഒപ്പം പടനയിച്ച നുനോ മെന്‍ഡസും അഷ്‌റഫ് ഹക്കിമിയും വിറ്റീഞ്ഞയും യാവോ നെവസും ഗോള്‍കീപ്പര്‍ ഡോണരുമയും ഡിസയര്‍ ദുവെയും ഖ്വിച്ചയും ഫാബിയന്‍ റൂയിസും പട്ടികയിലുണ്ട്. ഡെംബലെയ്ക്ക് ഒത്ത എതിരാളി ബാഴ്സലോണ താരം ലമിന്‍ യെമാല്‍ തന്നെ. പോയ വര്‍ഷത്തെ യുവതാരം ഒരു വര്‍ഷത്തിനിപ്പുറം സ്വര്‍ണപന്തില്‍ തന്നെയാണ് നോട്ടം. ലാലിഗയും കോപ്പ ഡെല്‍റെയും സ്പാനിഷ് സൂപ്പര്‍കപ്പും നേടിയത് മാത്രമല്ല ചാംപ്യന്‍സ് ലീഗിന്റെ സെമിഫൈനലിലുമെത്തി കറ്റാലന്‍സ്.
യെമാലിനൊപ്പം റഫീഞ്ഞയും മിന്നും സാന്നിധ്യമായി മുന്നിലുണ്ട്. ഒപ്പം ലെവന്‍ഡോവ്സ്‌കിയും പെഡ്രിയുമുണ്ടെങ്കിലും അവസാന മൂന്നിലെത്താന്‍ സാധ്യത കുറവാണ്. റയല്‍ മാഡ്രിഡില്‍ ഗോള്‍വേട്ട തുടരുന്ന ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങം, വിനീഷ്യസ് ജൂനിയര്‍, ലിവര്‍പൂളിന് വീണ്ടും പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിച്ച മുഹമ്മദ് സലാ, ബയേണ്‍ മ്യൂണിക്കിനൊപ്പം കരിയറിലെ ആദ്യ കിരീടം സ്വന്തമാക്കിയ ഹാരി കെയ്ന്‍, ഇന്റര്‍ മിലാന്‍ സൂപ്പര്‍ താരം ലൌറ്റാറോ മാര്‍ട്ടിനസ്, ചെല്‍സിക്ക് ക്ലബ്ബ് ലോകകപ്പ് സമ്മാനിച്ച കോള്‍ പാല്‍മര്‍, ആഴ്സനലിലേക്കെത്തിയ യുവതാരം വിക്ടര്‍ യോക്കെറെസ് എന്നിവരും അവസാന 30ല്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
മികച്ച വനിതാ താരത്തെയും ഇന്ന് പ്രഖ്യാപിക്കും. ഐതാന ബോണ്‍മാറ്റി, അലക്സി പുറ്റിയാസ്, ലൂസി ബ്രോണ്‍സ് തുടങ്ങിയ താരങ്ങളാണ് സാധ്യതയില്‍ മുന്നില്‍. ബാലണ്‍ദ്യോറിന് പുറമെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫിയും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫിയും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫിയും മികച്ച പരിശീലകര്‍ക്കുള്ള യൊഹാന്‍ ക്രൈഫ് ട്രോഫിയും സമ്മാനിക്കും. മികച്ച പുരുഷ വനിതാ ടീമുകളെയും ബലോണ്‍ദോര്‍ വേദിയില്‍ പ്രഖ്യാപിക്കും. സൂപ്പര്‍താരം റൊണാള്‍ഡീന്യോ പുരസ്‌കാരം സമ്മാനിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.