യൂറോപ്യൻ ഫുട്ബോളിൽ വമ്പന്മാർ ഇന്ന് കളത്തിലിറങ്ങും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ചെൽസി ആഴ്‌സനലിനെ നേരിടും. ലണ്ടൻ ഡർബിയിൽ ചെൽസിയും ആഴ്‌സനലും ഏറ്റുമുട്ടുമ്പോൾ പ്രീമിയർ ലീഗ് ആരാധകർക്ക് ഇത് സൂപ്പർ സൺഡേ. ചാംപ്യൻസ് ലീഗിൽ ബാഴ്‌സലോണയെ തകർത്തെറിഞ്ഞ കരുത്തിലാണ് ചെൽസി. ബയേണിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് ആഴ്‌സനലും കളിക്കിറങ്ങുന്നത്.
ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ഇന്ന് കളത്തിലിറങ്ങും. മാഞ്ചസ്റ്റർ യുണൈറ്റഡിന് ക്രിസ്റ്റൽ പാലസും ലിവർപൂളിന് വെസ്റ്റ് ഹാം യുണൈറ്റഡുമാണ് എതിരാളികൾ. പരിക്കിന്റെ പിടിയിലായ യുണൈറ്റഡിന് ഇന്ന് ജയം അനിവാര്യമാണ്. ലീഗിൽ അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ ലിവർപൂൾ ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല.
സ്പാനിഷ് ലീഗിലെ കുതിപ്പ് തുടരാൻ റയൽ മാഡ്രിഡ് ജിറോണായെ നേരിടും. ചാംപ്യൻസ് ലീഗ് മത്സരം നഷ്‌ടമായ ഗോൾകീപ്പർ കോർട്വാ പരിക്കേറ്റ റൂഡിഗറും മിലിറ്റാവോയ എന്നിവരും ടീമിൽ തിരിച്ചെത്തും. രാത്രി ഒന്നരയ്ക്ക് ജിറോണാ തട്ടകത്തിലാണ് മത്സരം. അതേസമയം, ഇറ്റാലിയൻ ലീഗിൽ വമ്പന്മാരായ റോമയും നാപോളിയും ഇന്റർ മിലാനും കളത്തിലിറങ്ങും. സൂപ്പർ പോരാട്ടത്തിൽ റോമാ നാപോളിയെയെ നേരിടും. ഇന്ററിന് പിസയാണ് എതിരാളികൾ.