മേജർ ലീഗ് സോക്കറിൽ ഈസ്റ്റേൺ കോൺഫറൻസ് കിരീടം ഉയർത്തി ലയണൽ മെസ്സിയുടെ ഇൻ്റർ മയാമി. ഫൈനലിൽ ന്യൂയോർക്ക് സിറ്റിയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തോൽപിച്ചാണ് മയാമിയുടെ കിരീടനേട്ടം. കരിയറിലെ നാൽപത്തിയേഴാം കിരീടമാണ് മെസ്സി സ്വന്തമാക്കിയത്. ലീഗ്സ് കപ്പ് കൈവിട്ട മയാമിക്ക് മേജർ ലീഗിലെ ചരിത്രത്തതിലെ ആദ്യ കിരീടമാണ് ഇതിഹാസതാരം ലയണൽ മെസ്സി നേടിക്കൊടുത്തത്.
ടൂർണമെൻ്റിൽ ഉടനീളം പുലർത്തിയ ആധിപത്യം, ഈസ്റ്റേൺ കോൺഫറസ് ഫൈനലിലും മയാമി ആവർത്തിച്ചു. കിരീടവുമായി എംഎൽഎസ് കപ്പ് ഫൈനലിലേക്കും മെസ്സിയും സംഘവും യോഗ്യത നേടി. തുടക്കം മുതൽ ആക്രമിച്ച് കളിച്ച മയാമിയെ 14ആം മിനിട്ടിൽ ടാഡിയോ അലൻഡേ മുന്നിലെത്തിച്ചു. പിന്നാലെ വീണ്ടും അലൻഡേ ന്യൂയോർക്ക് വലകുലുക്കി. സില്‍വെറ്റിയും സെഗോവിയയും മയാമിക്കായി ഗോൾ നേടി. മത്സരം അവസനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ അലൻഡേ ഹാട്രിക്ക് പൂർത്തിയാക്കി.
മത്സരത്തിൽ അസിസ്റ്റുമായി കളം നിറഞ്ഞ മെസ്സി ഇതിഹാസതാരം പുഷ്കാസിനെ മറികടന്ന് ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റെന്ന റെക്കോർഡും സ്വന്തമാക്കി കൂടാതെ 47ാം കിരീടം നേടി ഫുട്ബോളിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരമെന്ന ചരിത്രനേട്ടവും മെസ്സി സ്വന്തം പേരിലാക്കി. വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് ജേതക്കളായ വാൻകൂവറാണ് എംഎൽഎസ് ഫൈനലിൽ ഇൻ്റർ മയാമിയുടെ എതിരാളികൾ. ഡിസംബർ ഏഴിനാണ് കലാശപ്പോരാട്ടം.