Source: X/ CAFA Nations Cup 2025
FOOTBALL

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഖാലിദ് ജമീല്‍ യുഗത്തിന് വിജയത്തുടക്കം

ഖാലിദ് ജമീല്‍ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യന്‍ ഫുട്‌ബോളില്‍ ഖാലിദ് ജമീല്‍ യുഗത്തിന് വിജയത്തുടക്കം. കാഫ നേഷന്‍സ് കപ്പില്‍ ഇന്ത്യ ആതിഥേയരായ തജിക്കിസ്ഥാനെതിരെ മികച്ച വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ആവേശ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഖാലിദ് ജമീല്‍ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരമാണിത്.

ഹിസോര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്.

13 മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് കിടിലൻ ഗോളുകളാണ് എതിരാളികളുടെ വലയിലേക്ക് ഇന്ത്യ തൊടുത്തത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഇന്ത്യ താജിക്കിസ്ഥാനെ ഞെട്ടിച്ചു. മലയാളി താരം ഉവൈസിന്റെ ത്രോയില്‍ നിന്നുള്ള അന്‍വര്‍ അലിയുടെ ഹെഡ്ഡര്‍ ഗോളാണ് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചത്. 13-ാം മിനിറ്റില്‍ സെൻ്റര്‍ ബാക്ക് സന്ദേശ് ജിങ്കന്‍ ഇന്ത്യയുടെ രണ്ടാം ഗോളും നേടി.

23ാം മിനിറ്റില്‍ ഷാഹ്‌റോം സാമിയേവിലൂടെ താജിക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കി. മത്സരത്തിൽ നിര്‍ണായക സേവുകളുമായി ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിംഗ് സന്ധു കളംനിറഞ്ഞതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. 72ാം മിനിറ്റില്‍ താജിക്കിസ്ഥാന് ലഭിച്ച നിര്‍ണായക പെനാല്‍റ്റി തടുത്തിട്ട് ഗുര്‍പ്രീത് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് ആയുസ് നല്‍കി.

SCROLL FOR NEXT