ആരാധകരേ ശാന്തരാകുവിന്‍, അനിശ്ചിതത്വങ്ങള്‍ക്കവസാനം; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണ്‍ ഡിസംബറില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ ഡിസംബറില്‍ ആരംഭിച്ചേക്കും. നിലവിലെ പ്രതിസന്ധി അവസാനിക്കുന്നതായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോടിതിയില്‍ അറിയിച്ചു. ഐഎസ്എല്‍ കരാര്‍ കമ്പനിയായ എഫ്എസ്ഡിഎലും എഐഎഫ്എഫും വാണിജ്യ പങ്കാളിയെ കണ്ടെത്താന്‍ സുതാര്യ ടെന്‍ഡര്‍ വിളിക്കാനൊരുങ്ങുന്നു. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ധാരണയില്‍ എത്തിയത് ഇരു കക്ഷികളും കോടതിയെ അറിയിച്ചു.
പുതിയ ടെന്‍ഡറിനുള്ള നടപടികള്‍ ഒക്ടോബറില്‍ ആരംഭിക്കും. പുതിയ സംഘാടകരെ കണ്ടെത്താനായി കരാര്‍ പുതുക്കാതെ പിന്മാറാന്‍ തയ്യാറാണെന്ന് എഫ്ഡിസിഎല്‍ വ്യക്തമാക്കി. നിലവിലെ കരാറിന്റെ അവസാന ഗഡുവായ 12.5 കോടി രൂപ ഉടന്‍ നല്‍കണമെന്നും എഫ്ഡിസിഎല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് അടുത്ത മാസത്തോടെ തുടക്കാമാകുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മിലുള്ള 15 വര്‍ഷ കരാര്‍ (മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ്) ഈ വര്‍ഷം ഡിസംബര്‍ എട്ടിന് അവസാനിക്കാനിരിക്കെയാണ് കരാര്‍ പുതുക്കാതെ പിന്മാറാന്‍ തയ്യാറാണെന്ന് അറിയിച്ചത്. റിലയന്‍സ് പിന്തുണയുള്ള സ്ഥാപനമാണ് എഫ്എസ്ഡിഎല്‍.
നേരത്തെ കരാര്‍ അവസാനിക്കാനിരിക്കെ പുതിയ കരാര്‍ വ്യവസ്ഥകളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ അനിശ്ചിതത്വത്തിലേക്ക് നയിച്ചത്.