ജിദ്ദ: ചൊവ്വാഴ്ച തൻ്റെ വിരമിക്കൽ പദ്ധതികളെക്കുറിച്ച് ഒരു സുപ്രധാന വിവരം പങ്കുവച്ച് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് തീർച്ചയായും തൻ്റെ അവസാനത്തേത് ആയിരിക്കുമെന്നാണ് താരം വെളിപ്പെടുത്തിയത്. സൗദിയിൽ നൽകിയ ഒരു ചാനൽ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം വെളിപ്പെടുത്തിയത്.
യൂറോപ്പിലെ ഗ്രൂപ്പ് എഫ് യോഗ്യതാ പട്ടികയിൽ പോർച്ചുഗൽ നിലവിൽ ഒന്നാം സ്ഥാനത്താണ്. നവംബർ 13ന് റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ ജയിച്ചാൽ പ്രീമിയർ മത്സരത്തിൽ പോർച്ചുഗലിന് സ്ഥാനം ഉറപ്പാക്കാനാകും. 2026 ലോകകപ്പിൽ താരം കളിക്കുകയാണെങ്കിൽ ക്രിസ്റ്റ്യാനോ പങ്കെടുക്കുന്ന ആറാമത്തെ ലോകകപ്പായി അത് മാറും.
"2026 ലോകകപ്പ് കളിക്കുമ്പോൾ എന്നിക്ക് 41 വയസ്സായിട്ടുണ്ടാകും. അതാണ് അവസാനത്തേത് എന്നാണ് കരുതുന്നത്. സത്യസന്ധമായി പറയുകയാണെങ്കിൽ ഉടനെ എന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ വിരമിക്കും. വിരമിച്ചാലും ഫുട്ബോളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും," റൊണാൾഡോ പറഞ്ഞു.
2027 വരെയാണ് സൂപ്പർ താരം അൽ നസറുമായുള്ള കരാർ പുതുക്കിയത്. ഇക്കാര്യം ക്രിസ്റ്റ്യാനോയും അൽ നസർ ക്ലബ്ബും നേരത്തെ സ്ഥിരീകരിച്ചിരുന്നു. തൻ്റെ കാലുകൾ അനുവദിക്കുന്ന വരെ പന്തു തട്ടുമെന്നും ഫുട്ബോൾ കളിക്കുന്നത് ഇപ്പോഴും ഏറെ ആസ്വദിക്കുന്നുണ്ട് എന്നുമാണ് ക്രിസ്റ്റ്യാനോ വിരമിക്കൽ ചോദ്യങ്ങൾക്ക് നേരത്തെ നൽകിയ മറുപടി.