FOOTBALL

ക്രിസ്റ്റ്യാനോയുടെ ചിറകിലേറി അൽനസറിന് ചരിത്രനേട്ടം; ഇരട്ട ഗോളുകളുമായി തിളങ്ങി റോണോ

ടൂർണമെൻ്റിൻ്റെ ഇക്കാലമത്രയുമുള്ള ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി സൗദി പ്രോ ലീഗിൽ ചരിത്രനേട്ടവുമായി അൽ നസർ. ശനിയാഴ്ച അൽ അവ്വാൽ പാർക്കിൽ അൽ അഖ്ദൂദിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളുകളുടെ കരുത്തിൽ അൽ നാസർ 3-0ന് വിജയിച്ചിരുന്നു. സൗദി പ്രോ ലീഗിൻ്റെ 2025-26 സീസണിൽ തുടർച്ചയായ പത്താം വിജയമാണ് അൽ നസർ നേടിയത്. ടൂർണമെൻ്റിൻ്റെ ഇക്കാലമത്രയുമുള്ള ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിത്.

ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾവേട്ട തുടർന്നു. ജോവോ ഫെലിക്‌സും ഒരു ഗോൾ നേടി. ജയത്തോടെ ലീഗിൽ തലപ്പത്തെ ലീഡ് ഉയർത്താനും അവർക്കായി. റൊണാൾഡോയുടെ ഇരട്ട ഗോളുകളോടെ കരിയറിലെ ഗോൾ നേട്ടം 956 ആയി ഉയർന്നു. ചരിത്രപരമായ 1000 ഗോൾ നാഴികക്കല്ലിലേക്ക് ഇനി 44 ഗോളുകൾ കൂടി മതി.

31-ാം മിനിറ്റിൽ ജോവോ ഫെലിക്സ് എടുത്ത കോർണർ കിക്ക് വലയിലേക്ക് തട്ടിയിട്ടാണ് റോണോ ആദ്യ ഗോൾ നേടിയത്. പകുതി സമയത്തിന് തൊട്ടുമുമ്പ് മാർസെലോ ബ്രോസോവിച്ച് നൽകിയ ക്രോസിൽ നിന്ന് ബാക്ക് ഹീൽ ഗോൾ നേടാനും പോർച്ചുഗീസ് ഇതിഹാസത്തിന് കഴിഞ്ഞു.

10 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടി, സൗദി പ്രോ ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ പോർച്ചുഗീസ് സ്ട്രൈക്കർ ജോവോ ഫെലിക്സിനൊപ്പം ഒന്നാമതെത്താനും 40കാരൻ പോർച്ചുഗീസ് താരത്തിനായി.

SCROLL FOR NEXT