Source: X/ Cristiano Ronaldo
FOOTBALL

എന്തൊരു മനുഷ്യനാണിത്! ക്രിസ്റ്റ്യാനോയ്ക്ക് മറ്റൊരു ലോക റെക്കോർഡ് കൂടി

മുന്‍ ഗ്വാട്ടിമാല താരം കാര്‍ലോസ് റൂയിസിനെ (40) പിന്നിലാക്കിയാണ് റോണോയുടെ കുതിപ്പ്.

Author : ന്യൂസ് ഡെസ്ക്

ലിസ്ബൺ: ഹംഗറിക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയതിനൊപ്പം മറ്റൊരു ലോക റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി നാൽപ്പതുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ചരിത്ര ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായിരിക്കുകയാണ് ക്രിസ്റ്റ്യാനോ. മുന്‍ ഗ്വാട്ടിമാല താരം കാര്‍ലോസ് റൂയിസിനെ (40) പിന്നിലാക്കിയാണ് റോണോയുടെ ഈ അത്ഭുത കുതിപ്പ്.

50 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്നാണ് 41 ഗോളുകള്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് ക്രിസ്റ്റ്യാനോ നടന്നടുത്തത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 948 ആയി ഉയർന്നു.

ഇന്നലെ ഹംഗറിയുമായി നടന്ന മത്സരം 2-2 എന്ന സമനിലയില്‍ അവസാനിച്ചിരുന്നു. 2026 ലോകകപ്പിൽ ഇടം ഉറപ്പിക്കാൻ ക്രിസ്റ്റ്യാനോയുടെ പറങ്കിപ്പട ഇനിയും കാത്തിരിക്കേണ്ടി വരും. എട്ടാം മിനുട്ടില്‍ ആറ്റില സലായ് നേടിയ ഗോളിലൂടെ ഹംഗറി ആദ്യം മുന്നിലെത്തിയിരുന്നു. എന്നാൽ, ആദ്യ പകുതിയില്‍ തന്നെ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടി പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. 22, 45+3 മിനിറ്റുകളിലാണ് റൊണാൾഡോ ഗോളുകൾ നേടിയത്.

പോർച്ചുഗൽ വിജയത്തിലേക്ക് അടുക്കവെ 90+1 മിനിറ്റിലാണ് ലിസ്ബണിൽ ആ ഇടിത്തീയുണ്ടായത്. രണ്ടാം പകുതിയിലെ അവസാന നിമിഷത്തില്‍ ലിവര്‍പൂള്‍ മിഡ് ഫീല്‍ഡര്‍ ഡൊമിനിക് സോബോസ്ലായ് ഹംഗറിക്ക് വേണ്ടി സമനില ഗോൾ കണ്ടെത്തി.

നാല് മത്സരങ്ങളില്‍ നിന്ന് 10 പോയിൻ്റുമായി ഗ്രൂപ്പ് എഫിൽ പോർച്ചുഗൽ ഒന്നാമതാണ്. അഞ്ച് പോയിൻ്റുമായി ഹംഗറി രണ്ടാം സ്ഥാനത്തുണ്ട്. നവംബറില്‍ അയര്‍ലന്‍ഡിനും അര്‍മേനിയക്കും എതിരായ മത്സരങ്ങളാണ് റൊണാൾഡോയുടെയും കൂട്ടരുടെയും ലോകകപ്പ് വിധി നിർണയിക്കുക.

SCROLL FOR NEXT