ഓസ്‌ലോ: യൂറോപ്യൻ യൂണിയനിൽ ഫുട്ബോൾ താരം ഏർലിംഗ് ഹാളണ്ടിന്റെ കുടുംബപ്പേരായ 'ഹാളണ്ട്' (Haaland) രജിസ്റ്റർ ചെയ്ത പോളിഷ് ഇലക്ട്രീഷ്യനുമായി രസകരമായൊരു നിയമതർക്കം തുടരുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോയുടെ സിആർ7 പോലെ സ്വന്തം പേരിൽ ബ്രാൻഡ് തുടങ്ങാൻ 2023ൽ ഹാളണ്ട് ശ്രമിച്ചപ്പോഴാണ്, കായിക വസ്ത്രങ്ങൾ, എനർജി ഡ്രിങ്കുകൾ, കളിപ്പാട്ടങ്ങൾ, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കായി മറ്റൊരാൾ ഇതിനോടകം ആ പേര് സ്വന്തമാക്കിയ വിവരം അറിയുന്നത്.
പോളിഷ് സ്വദേശിയായ ഇലക്ട്രീഷ്യൻ മിഖാൽ വാസ് ആണ് ഹാളണ്ടിന്റെ പേര് അതിനോടകം അടിച്ചുമാറ്റിയത്. 'ഹൈ അഡ്വാൻസ്‌ഡ് ആക്ടിവിറ്റി ലാൻഡ്' (High Advanced Activity Land) എന്നതിന്റെ ചുരുക്കപ്പേരായാണ് 'HAALAND' എന്ന് രജിസ്റ്റർ ചെയ്തതെന്ന കൗതുകകരമായ വാദമാണ് ഇലക്ട്രീഷ്യൻ ഉന്നയിച്ചത്. എന്നാൽ, താരത്തിന്റെ പ്രശസ്തി മുതലെടുക്കാനുള്ള ശ്രമമാണിതെന്ന് കണ്ട് യൂറോപ്യൻ യൂണിയൻ ട്രേഡ്‌മാർക്ക് സമിതി ആ രജിസ്ട്രേഷൻ റദ്ദാക്കി. ഈ തീരുമാനത്തിനെതിരെ പോളിഷ് സ്വദേശി ഇപ്പോൾ അപ്പീൽ നൽകിയിരിക്കുകയാണ്. സ്വന്തം പേരിനായി കോടതികയറിയിറങ്ങേണ്ട ഗതികേടിലാണ് നോർവേ സൂപ്പർതാരം.