Source: X/ FIFA Club World Cup
FOOTBALL

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനൽ; സെമിയിൽ നാണംകെട്ട് റയൽ

14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ക്ലബ്ബ് ലോകകപ്പ് ഫൈനൽ

Author : ന്യൂസ് ഡെസ്ക്

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

ക്ലബ് ലോകകപ്പില്‍ ചെൽസിക്കായി അവസാന ഒമ്പത് ഗോളുകൾ ഒമ്പത് വ്യത്യസ്‌ത കളിക്കാരാണ് നേടിയത്. ജോവോ പെഡ്രോയുടെ ഫോമും മികച്ച ടീം പ്രകടനവും ഉപയോഗിച്ച്, പരിക്കിന്‍റെ ആശങ്കകൾക്കിടയിലും ചെൽസി മറ്റൊരു അഭിമാനകരമായ കിരീടം നേടാനാണ് ലക്ഷ്യമിടുന്നത്.

SCROLL FOR NEXT