ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി ഫൈനലിൽ. ഇന്നലെ രാത്രി നടന്ന സെമി ഫൈനലിൽ ബ്രസീൽ ക്ലബ്ബ് ഫ്ലൂമിനെൻസെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അവർ തകർത്തത്. 18, 56 മിനിറ്റുകളിൽ ഫ്ലൂമിനെൻസെയുടെ ഗോൾവല കുലുക്കിയ ബ്രസീലിയന്‍ താരം ജാവൊ പെഡ്രോയാണ് ചെൽസിയുടെ വിജയശിൽപ്പി.
കലാശപ്പോരിലെ ചെൽസിയുടെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിഫൈനലിൽ പിഎസ്‌ജി കരുത്തരായ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30നാണ് കിക്കോഫ്. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ.
നേരത്തെ സെമി ഫൈനൽ വരെ ഒരേയൊരു മത്സരം മാത്രമാണ് ചെൽസി തോറ്റത്. ബ്രസീൽ ക്ലബ് ഫ്ലമെൻഗോയ്‌ക്ക് എതിരെയായിരുന്നു ആ തോൽവി. ഇരു ടീമുകളും ഫുട്ബോളിൽ ആദ്യമായാണ് അന്ന് നേർക്കുനേർ വന്നത്.