FOOTBALL

ഫിഫ ലോകകപ്പിന് വെല്ലുവിളിയായി കനത്ത ചൂടും കാലാവസ്ഥ വ്യതിയാനവും

അന്തരീക്ഷത്തിലെ ഈർപ്പവും ചൂടും ചേർന്നുള്ള അവസ്ഥ 'ഹ്യുമിഡ് ഹീറ്റ്' മത്സരങ്ങളെ സാരമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക് : ഫുട്ബോൾ ലോകകപ്പിന് ഇനി ഏതാനും ആഴ്ചകൾ കൂടി. 48 ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റിന് 1994ന് ശേഷം നോർത്ത് അമേരിക്ക ആദ്യമായി വേദിയാകുകയാണ്. എന്നാൽ മൈതാനത്ത് മത്സരം ചൂടുപിടിക്കുന്നതിനു മുൻപ്, കായിക ലോകത്തിന് കടുത്ത മുന്നറിയിപ്പ് നൽകുകയാണ് ശാസ്ത്രലോകം. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനം കാരണം വരാനിരിക്കുന്ന ലോകകപ്പിൽ 1994-ലേതിനേക്കാൾ കടുത്ത ചൂടും 'ഹീറ്റ് സ്ട്രെസ്സും' ആയിരിക്കുമെന്നാണ് അന്താരാഷ്ട്ര കാലാവസ്ഥാ ഗവേഷണ സംഘടനയായ 'വേൾഡ് വെതർ ആട്രിബ്യൂഷൻ' (ഡബ്ല്യൂഡബ്ല്യൂഎ) അറിയിച്ചിരിക്കുന്നത്.

അന്തരീക്ഷത്തിലെ ഈർപ്പവും ചൂടും ചേർന്നുള്ള അവസ്ഥ 'ഹ്യുമിഡ് ഹീറ്റ്' മത്സരങ്ങളെ സാരമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്. ഇത് അത്‌ലറ്റുകളുടെ മാത്രമല്ല, സ്റ്റേഡിയത്തിനകത്തും പുറത്തുമുള്ള ആരാധകരുടെയും ഒഫീഷ്യലുകളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിന് വലിയ ഭീഷണിയാണുയർത്തുന്നത്. മത്സരങ്ങൾ നടക്കാനിരിക്കുന്ന വിവിധ നഗരങ്ങളിലെയും സ്റ്റേഡിയങ്ങളിലേയും ചൂടിന്റെ തോതും കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ള മാച്ച് ഡേകളും ഗവേഷകർ ഈ പഠനത്തിലൂടെ മാപ്പ് ചെയ്തിട്ടുണ്ട്.

ലണ്ടനിലെ ഇംപീരിയിൽ കോളേജിലെ ഗവേഷകർ ജൂൺ 11 മുതൽ ജൂലൈ 19 വരെ യുഎസ്, കാനഡ, മെക്സിക്കോ എന്നിവടങ്ങളിലെ 16 വേദികളിലെ 'വെറ്റ്‌ ബൾബ് ഗ്ലോബ് ടെമ്പറേച്ചർ' (ഡബ്ല്യൂബിജിറ്റി) ആണ് വിശകലനം ചെയ്തത്. 1994 ലെ ലോകകപ്പ് കാലത്തെ അപേക്ഷിച്ച് ഇപ്പോൾ ഭൂമിയിലെ താപനില 0.7 °C കൂടുതലാണ്. ഈ വർധനവ് മത്സര വേദികളിലെ ഡബ്ല്യൂബിജിറ്റി നിരക്ക് 26°C എന്ന പരിധി കടക്കാൻ എത്രത്തോളം കാരണമാകുമെന്ന് ഗവേഷകർ വിലയിരുത്തി. ഡബ്ല്യൂഡബ്ല്യൂഎ കണക്കുകൾ പ്രകാരം ഡബ്ല്യൂബിജിറ്റി സൂചികയിലെ 26°C എന്നത് സാധാരണ അന്തരീക്ഷ താപനിലയിൽ ഏകദേശം 30°C ന് (ഉയർന്ന ഈർപ്പമുള്ള അവസ്ഥയിൽ) തുല്യമാണ്. വരണ്ട ചൂടാണെങ്കിൽ ഇത് 38°C ന് സമാനമായ അസ്വസ്ഥത ശരീരത്തിലുണ്ടാക്കും. ആകെ നടക്കുന്ന 104 മത്സരങ്ങളിൽ കുറഞ്ഞത് 25 ശതമാനവും കളിക്കേണ്ടി വരിക 26°C ൽ കൂടുതൽ ഡബ്ല്യൂബിജിറ്റി രേഖപ്പെടുത്തുന്ന കടുത്ത ചൂടിലായിരിക്കും.

ഉയർന്ന ഈർപ്പമുള്ള ചൂടിൽ ശരീരത്തിന് വിയർപ്പിലൂടെ സ്വയം തണുപ്പിക്കാൻ സാധിക്കാതെ വരുന്നു. ഇത് ഹീറ്റ് സ്ട്രോക്ക് (സൂര്യഘാതം), കടുത്ത തളർച്ച, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. മണിക്കൂറുകളോളം നേരിട്ട് വെയിൽ ഏൽക്കുന്ന കാണികൾക്കും കളിക്കാർക്കും ഇത് അപകടകരമാണ്. മൈതാനത്ത് നിരന്തരം ഓടി കളിക്കുന്ന ഫുട്ബോൾ താരങ്ങളുടെ സ്റ്റാമിനയെയും പ്രകടനത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

28°C അല്ലെങ്കിൽ അതിൽ കൂടുതൽ ചൂടാകുകയാണെങ്കിൽ മത്സരം ഒട്ടും സുരക്ഷിതമല്ല. മത്സരങ്ങൾ മാറ്റിവെക്കാൻ ശുപാർശ ചെയ്യുന്നു. എന്നാൽ ഫിഫയുടെ നിലവിലെ നിയമപ്രകാരം ഡബ്ല്യൂബിജിറ്റി നിരക്ക് 32°C കടന്നാൽ മാത്രമേ മത്സരം മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ.

മിയാമിയിൽ നടക്കുന്ന മത്സരങ്ങളിൽ കടുത്ത ചൂടുണ്ടാകുമെന്ന് ഏകദേശം ഉറപ്പാണ്. ഡാളസ്, ഹൂസ്റ്റൺ എന്നീ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിൽ കൂളിങ് സംവിധാനങ്ങൾ ഉണ്ടെങ്കിലും, ടൂർണമെന്റ് സമയത്ത് അവിടെയും വെറ്റ് ബൾബ് താപനില 26°C കടക്കാൻ 30 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പ് കേവലമൊരു കായിക പോരാട്ടം മാത്രമല്ല, കടുത്ത കാലാവസ്ഥയോടുള്ള അതിജീവനത്തിന്റെ പോരാട്ടം കൂടിയായി മാറുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

SCROLL FOR NEXT