

റിയോഡി ജനീറോ: ഒരു കാലത്ത് റൊണാൾഡീഞ്ഞോയ്ക്കും റോണാൾഡോ നസാരിയോക്കുമൊക്കെ പകരക്കാരനായി ബ്രസീൽ ഫുട്ബോളിനെ മുന്നോട്ട് നയിക്കുമെന്ന് ഫുട്ബോൾ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന യുവതാരമായിരുന്നു നെയ്മർ. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ... 1994ലും 2002ലും ലോക ജേതാക്കളായി വർഷങ്ങളോളം ഫിഫ റാങ്കിങ്ങിൽ തലപ്പത്തായിരുന്നു ബ്രസീൽ. കാനറികളുടെ ഇതിഹാസ തുല്യമായ ആ ലെഗസി മുന്നോട്ട് കൊണ്ടുപോകാൻ നെയ്മർ ജൂനിയർക്ക് സാധിക്കുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകവും കണക്കുകൂട്ടിയിരുന്നത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു...
മെലിഞ്ഞ ശരീരപ്രകൃതിയുമായി കളിക്കളം വാഴാനെത്തിയ ആ ചെറുപ്പകാരൻ്റെ തുടക്കം ഗംഭീരമായിരുന്നു. ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളെല്ലാം ആ വണ്ടർ കിഡിനെ പാടിപ്പുകഴ്ത്തി. എന്നാൽ കാലക്രമേണ ഫുട്ബോളിൽ ഒരു ഡ്രിബ്ലർക്ക് സംഭവിക്കാവുന്നത് എന്തെല്ലാമാണോ അതെല്ലാം നെയ്മർക്കും സംഭവിച്ചു. ബ്രസീലിൻ്റെ പ്രതിഭാധനനായ മിന്നും താരത്തെ വലച്ചത് വിട്ടുമാറാതെ പിന്തുടർന്ന ഗുരുതരമായ പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളുമായിരുന്നു. പിന്നിട്ട ലോകകപ്പ് വേദികളിലെല്ലാം അയാളുടെ കണ്ണുനീർ വീണു കുതിർന്നിരുന്നു. വിധിയെ പഴിക്കുകയേ അയാൾക്ക് വഴിയുണ്ടായിരുന്നുള്ളൂ.
2014ൽ ലോകകപ്പ് സെമി ഫൈനലിൽ കൊളംബിയൻ ഡിഫൻഡറായ ജുവാൻ കമിലോ സുനിഗ നടത്തിയ ആ മാരക ഫൗൾ, നെയ്മറുടെ നട്ടെല്ലിനും ബ്രസീൽ സ്ക്വാഡിനും സമ്മാനിച്ചത് കനത്ത ആഘാതമായിരുന്നു! നട്ടെല്ലിൻ്റെ വെർട്ടിബ്രയ്ക്ക് ഏറ്റ കനത്ത ക്ഷതം ബ്രസീൽ സ്ട്രൈക്കറെ കരിയറിൽ ദീർഘമായൊരു ഇടവേളയിലേക്ക് തള്ളിവിട്ടു.
പിന്നേയും ദുരന്തങ്ങൾ താരത്തെ ഒഴിയാതെ പിന്തുടർന്നു... പിഎസ്‌ജി താരമായിരിക്കെ 2018 മുതൽ 2023 വരെയുള്ള കാലയളവിൽ വലങ്കാലിലെ കാൽക്കുഴയിൽ നെയ്മർക്ക് നിരന്തരം പണികിട്ടിക്കൊണ്ടിരുന്നു. ആങ്കിൾ ഇഞ്ച്വറിക്ക് പുറമെ കാലിലെ മെറ്റാടാർസൽ അസ്ഥികളിലും ലിഗമെൻ്റുകളിലും പൊട്ടലേറ്റിരുന്നു.
പിന്നാലെ 2023ൽ ഇടത്തേ കാൽമുട്ടിൽ സംഭവിച്ച എ.സി.എൽ, മെനിസ്കസ് പൊട്ടലുകൾ താരത്തിൻ്റെ കരിയറിന് തന്നെ ഭീഷണി ഉയർത്തുന്നതായിരുന്നു. എന്നാൽ ഒരു വർഷത്തെ ദീർഘമായ വിശ്രമകാലത്തിന് ശേഷം അയാൾ ഗ്രൗണ്ടിൽ തിരിച്ചെത്തിയത് 2026 ലോകകപ്പിൽ രാജ്യത്തിനായി ലോകകപ്പ് നേടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.
ശാരീരിക ക്ഷമത തെളിയിച്ചാൽ നെയ്‌മറിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുമെന്ന് ആൻസലോട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ കാനറിപ്പടയുടെ അവസാന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും നെയ്മർ ഇടംപിടിച്ചിട്ടില്ല. നിലവിൽ ലോകകപ്പിനുള്ള സാധ്യതാ ടീമിൽ ഇടംപിടിച്ചെങ്കിലും ലോകകപ്പിന് ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകില്ല.
ഇതുവരെ യെല്ലോ ജേഴ്സിയിൽ 79 ഗോളുകൾ അടിച്ചുകൂട്ടി ബ്രസീലിൻ്റെ എക്കാലത്തേയും മികച്ച ഗോളടിവീരനായി മാറിയ നെയ്മർ ജൂനിയർ കരിയറിലെ നാലാം ലോകകപ്പാണ് ലക്ഷ്യമിടുന്നത്. യുഎസ് ലോകകപ്പിന് ശേഷം ഫുട്ബോളിനോട് വിടചൊല്ലാൻ കാത്തിരിക്കുകയാണ് താരമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.