റോബോട്ട്  Source: News Malayalam 24x7
FOOTBALL

ഫുട്ബോൾ താരങ്ങൾക്ക് വെല്ലുവിളി; കളിക്കളത്തിൽ ഇടംപിടിച്ച് റോബോട്ടുകൾ |VIDEO

കാൽപന്തുമായി ഫുട്ബോൾ ഗ്രൗണ്ടിലൂടെയുള്ള റോബോട്ടുകളുടെ കുതിപ്പ് കാണികളിൽ ആവേശം നിറച്ചു.

Author : ന്യൂസ് ഡെസ്ക്

ഫുട്ബോൾ താരങ്ങൾക്ക് വെല്ലുവിളിയുമായി റോബോട്ടുകൾ കളത്തിൽ. ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിനായി ചൈനീസ് റോബോ സോക്കർ ടീമുകളുടെ പരിശീലന മത്സരത്തിൻ്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബെയിജിങിലെ വിദ്യാർഥികളാണ് ഹ്യുമനോയിഡ് റോബോട്ടുകളുടെ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.

രണ്ട് ടീമായി തിരിഞ്ഞാണ് ഹ്യൂമനോയിഡ് റോബോട്ടുകൾ ഏറ്റുമുട്ടിയത്. ചുവപ്പ് ജേഴ്‌സി അണിഞ്ഞ് സിംഗുവ യൂണിവേഴ്സിറ്റി ടീമും നീല ജേഴ്‌സിയിൽ ഷാൻഡോങ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ടീമും കളത്തിലിറങ്ങി. റോബോട്ടുകളായത് കൊണ്ട് കളിക്കിടയിൽ ഫൗൾ വന്നാലോ വലിയ ബഹളങ്ങളൊന്നുമില്ല.

കാൽപന്തുമായി ഫുട്ബോൾ ഗ്രൗണ്ടിലൂടെയുള്ള റോബോട്ടുകളുടെ കുതിപ്പ് കാണികളിൽ ആവേശം നിറച്ചു. താരങ്ങളെ പോലെ പന്തുമായി ട്രിബിൾ ചെയ്യാനും ഷോട്ടുതിർക്കാനും റോബോട്ടുകൾക്ക് സാധിക്കുമെന്നതും കാണികളെ ആവേശത്തിലാക്കി.

ചൈനയുടെ T1 ഹ്യൂമനോയിഡ് റോബോട്ടുകൾ ആളത്ര ചില്ലറക്കാരല്ല. ബ്രസീലിൽ നടന്ന റോബോ കപ്പ് ഹ്യൂമനോയിഡ് ലീഗിലെ സ്വർണ മെഡൽ ജേതാക്കൾ കൂടിയാണ്. ഇതോടെ റോബോട്ടിക്സ് രംഗത്ത് കൂടുതൽ മേൽക്കൈ കൈവരിക്കാനുള്ള ശ്രമത്തിലാണ് ചൈന. ഹ്യൂമനോയിഡ് റോബോട്ടിക്സിൽ തന്നെ മുൻതൂക്കം നേടാനുള്ള മത്സരത്തിലാണ് ചൈനയുടെ T1 ഉം. നിരവധി പേരാണ് വ്യത്യസ്തമായ ഫുട്ബോൾ മത്സരം കാണാനെത്തിയത്.

ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിനുള്ള തയാറെടുപ്പിൻ്റെ ഭാഗമായാണ് മത്സരം നടത്തിയത്. കായിക മേഖലയിൽ എഐയുടെയും റോബോട്ടിക് സാങ്കേതികവിദ്യയുടെയും അതിരുകൾ ഭേദിക്കാനാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 15-നാണ് ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിന് തുടക്കം കുറിക്കുന്നത്.

SCROLL FOR NEXT