Image: ANI Delhi
FOOTBALL

ഹസ്തദാനത്തിന് ഒരു കോടി രൂപ! മെസി ഇന്ന് ഡല്‍ഹിയില്‍

മെസിയെ നേരിട്ട് കാണാനും ആശയവിനിമയം നടത്താനുമുള്ള അവസരവും ഇന്നുണ്ടാകും

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ന് ഡല്‍ഹിയില്‍. രാവിലെ 10.45 ന് ഡല്‍ഹിയിലെത്തുന്ന മെസി വിവിധ പരിപാടികളില്‍ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് മെസിയുടെ സന്ദര്‍ശനം. ഡല്‍ഹിയില്‍ നിരവധി പ്രമുഖരുമായും താരം കൂടിക്കാഴ്ച നടത്തും.

ചാണക്യാപുരിയിലെ ലീല പാലസിലാണ് മെസി ഉണ്ടാകുക. ഹോട്ടലിലെ ഒരു ഫ്‌ളോര്‍ മുഴുവന്‍ മെസിക്കും സംഘത്തിനുമായി ബുക്ക് ചെയ്തിരിക്കുകയാണ്. ഒരു രാത്രിക്ക് 3.5 ലക്ഷം രൂപ മുതല്‍ 7 ലക്ഷം രൂപ വരെ വിലയുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് മെസിയും സംഘവും കഴിയുക.

മെസിയുടെ താമസവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് കര്‍ശന നിർദേശമുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും നേരെ ഹോട്ടലിലേക്കായിരിക്കും മെസി എത്തുക. വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലെത്താന്‍ 30 മിനുട്ട് സമയമെടുക്കും. ഹോട്ടലിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മെസിയെ നേരിട്ട് കാണാനും ആശയവിനിമയം നടത്താനുമുള്ള അവസരവും ഇന്നുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട വ്യവസായികള്‍ക്കും വിഐപികള്‍ക്കുമാണ് അവസരം. ഇതിനായി ഒരു കോടി രൂപവരെയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചീഫ് ജസ്റ്റിസുമായും മെസി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരങ്ങളുമായും ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് ജേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും ക്രിക്കറ്റ് താരങ്ങളുമായുള്ള കൂടിക്കാഴ്ച നടക്കുക. ഇവിടെ നിന്നും അഡിഡാസിന്റെ ഇവന്റ് നടക്കുന്ന പുരാനാ ഖിലയിലേക്ക് മെസി പോകും. ഇവിടെ വെച്ച് ക്രിക്കറ്റ് താരം രോഹിത് ശര്‍മ, പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോ ഗോള്‍ഡ് മെഡല്‍ ജേതാവ് സുമിത് അന്തില്‍, ലോക ബോക്‌സിങ് ജേതാവ് നിഖത് സരീന്‍, ഒളിമ്പിക്‌സ് ഹൈ ജംപ് മെഡല്‍ ജേതാവ് നിഷാദ് കുമാര്‍ എന്നിവര്‍ മെസിയെ സ്വീകരിക്കും.

സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ട്. ഡല്‍ഹിയിലെ പരിപാടിക്ക് ശേഷം മെസ്സി നാട്ടിലേക്ക് മടങ്ങും. വൈകിട്ട് 6.15 ഓടെ മെസി ഡല്‍ഹിയില്‍ നിന്ന് മടങ്ങുമെന്നാണ് വിവരം.

SCROLL FOR NEXT