Instagram
FOOTBALL

FIFA World Cup 2026|നമുക്കും അഭിമാനിക്കാം; ലോകകപ്പ് സ്‌ക്വാഡിൽ ഇടം പിടിച്ച് ഇന്ത്യൻ വംശജരും

മൂന്ന് ഇന്ത്യൻ വംശജർ ആണ് ലോകകപ്പിനുള്ള മറ്റ് രാജ്യങ്ങളുടെ ടീമിൽ ഇടം നേടിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിൻ്റെ ആവേശം കൊടിയേറാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഇന്ത്യക്ക് ലോകകപ്പ് യോഗ്യത ഇന്നുമൊരു ബാലികേറാമലയായതിൻ്റെ നിരാശ നിലനിൽക്കുമ്പോഴും ഇത്തവണ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും അഭിമാനിക്കാനുള്ള വകയുണ്ട്. മൂന്ന് ഇന്ത്യൻ വംശജരായ താരങ്ങൾ ആണ് ലോകകപ്പിനുള്ള മറ്റ് രാജ്യങ്ങളുടെ ടീമിൽ ഇടം നേടിയിരിക്കുന്നത്.

സർപ്രീത് സിംഗ്

സർപ്രീത് സിങ്

ന്യൂസിലൻഡിന്റെ 26 അംഗ അന്തിമ ലോകകപ്പ് ടീമിൽ ഇന്ത്യൻ വംശജനായ സർപ്രീത് സിങ് ഇതിനകം ഇടം ഉറപ്പിച്ചു കഴിഞ്ഞു. 27-കാരനായ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ ഓക്‌ലൻഡിൽ ഇന്ത്യൻ മാതാപിതാക്കൾക്കാണ് ജനിച്ചത്. ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനായി കളിച്ച ചരിത്രമുള്ള സർപ്രീത്, 2018-ലാണ് ന്യൂസിലൻഡ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ഇന്ത്യൻ വംശജരായ പ്രതിഭകളിൽ ഒരാളായാണ് സർപ്രീത് വിലയിരുത്തപ്പെടുന്നത്. ന്യൂസിലൻഡിനായി ഇതിനോടകം 26 മത്സരങ്ങൾ കളിച്ച അദ്ദേഹം 3 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

തഹ്‌സിൻ മുഹമ്മദ് ജംഷിദ്

തഹ്‌സിൻ മുഹമ്മദ് ജംഷിദ്

ഖത്തർ ദേശീയ ടീമിന്റെ പരിശീലകൻ ജൂലൻ ലൊപ്പറ്റെഗി പ്രഖ്യാപിച്ച 34 അംഗ സാധ്യതാ പട്ടികയിലാണ് 19-കാരനായ തഹ്സിൻ മുഹമ്മദ് ജംഷീദ് ഇടംനേടിയത്. കണ്ണൂർ സ്വദേശികളായ ദമ്പതികളുടെ മകനായ തഹ്സിൻ ജനിച്ചതും വളർന്നതും ദോഹയിലാണ്. പിതാവ് ജംഷിദ് തലശ്ശേരി സ്വദേശിയും മാതാവ് ഷൈമ വളപട്ടണം സ്വദേശിയുമാണ്.

ഖത്തറിലെ പ്രീമിയർ ആഭ്യന്തര ഫുട്ബോൾ ലീഗായ ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് തഹ്സിൻ. മികച്ച ഒരു വിങ്ങറായ തഹ്സിൻ കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തർ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇനി അന്തിമ അംഗ ടീമിൽ ഇടംനേടാനായാൽ, ഫിഫ ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി താരം എന്ന ചരിത്രനേട്ടം ഈ പത്തൊൻപതുകാരന് സ്വന്തമാകും.

നിയാൽ മേസൺ

നിയാൽ മേസൺ

ഖത്തറിന്റെ സാധ്യതാ പട്ടികയിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യൻ വംശജനാണ് 29-കാരനായ നിയാൽ മേസൺ. ഒരു അമേരിക്കൻ പിതാവിനും ഇന്ത്യൻ മാതാവിനും ജനിച്ച മേസൺ ഇംഗ്ലണ്ടിലാണ് വളർന്നത്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ അക്കാദമിയിലൂടെ ഫുട്ബോൾ കരിയർ ആരംഭിച്ച ഈ ഡിഫൻഡർ, പിന്നീട് സതാംപ്ടൺ, ആസ്റ്റൺ വില്ല എന്നീ ഇംഗ്ലീഷ് ക്ലബ്ബുകളുടെ അക്കാദമികളിലും പന്തുതട്ടിയിട്ടുണ്ട്. മേസണിന്റെ ഈ പരിചയസമ്പത്തും വൈദഗ്ധ്യവുമാണ് അദ്ദേഹത്തെ ഖത്തർ സാധ്യതാ ടീമിൽ എത്തിച്ചത്. സീനിയർ ടീമിനായി ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും, ഈ വർഷം മാർച്ചിൽ ഖത്തർ ദേശീയ ടീമിലേക്ക് ആദ്യമായി വിളി വന്നിരുന്നു.

SCROLL FOR NEXT