ബ്യൂണസ് അയേഴ്സ്: ഇതിഹാസ താരം ലയണൽ മെസ്സിക്ക് ശേഷം അർജന്റീന ദേശീയ ടീമിന്റെ ഐതിഹാസികമായ പത്താം നമ്പർ ജഴ്സി ആർക്ക് എന്ന ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. നിലവിലെ മിന്നും പ്രകടനങ്ങളിലൂടെ യുവതാരം നിക്കോ പാസ് ആ സ്ഥാനത്തേക്ക് ശക്തമായ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഇതിനിടെ, നിക്കോ പാസിനെക്കുറിച്ച് മെസ്സിയുടെ അമ്മ സെലിയ കുച്ചിറ്റിനി നടത്തിയ വൈകാരികമായ പ്രവചനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്.
നിക്കോ പാസിന്റെ അമ്മാവനും പ്രശസ്ത ഡിസൈനറുമായ ഫാബിയാൻ പാസ് 'റേഡിയോ ലാ റെഡിന്' നൽകിയ അഭിമുഖത്തിലാണ് ഈ ഹൃദയസ്പർശിയായ നിമിഷം വെളിപ്പെടുത്തിയത്; ഒക്ടോബർ ആറിന് ബെനിനെതിരെ അർജന്റീന 3-0ന് വിജയിച്ച മത്സരത്തിന് ശേഷമായിരുന്നു സംഭവം. മെസ്സിയുടെ വിടവാങ്ങൽ വേളയിൽ ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തുവന്ന നിക്കോ, അവിടെ വികാരാധീനയായി കരഞ്ഞുകൊണ്ടിരുന്ന മെസ്സിയുടെ അമ്മയെ അഭിവാദ്യം ചെയ്യാൻ ചെന്നു. നിക്കോയുടെ കൈകളിൽ പിടിച്ചുകൊണ്ട് സെലിയ പറഞ്ഞത് ഇങ്ങനെയായിരുന്നു: "നീയാണ് എന്റെ മകന്റെ പിൻഗാമി".
ഡീഗോ മറഡോണ, മരിയോ കെംപസ്, ജുവാൻ റോമൻ റിക്വൽമെ, ലയണൽ മെസ്സി തുടങ്ങിയ മഹാരഥന്മാർ അണിഞ്ഞ പത്താം നമ്പർ ജഴ്സിയിലേക്ക് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ഇറ്റാലിയൻ ക്ലബ്ബ് കോമോയുടെ താരമായ നിക്കോ പാസിനാണ്.
കഴിഞ്ഞ മത്സരങ്ങളിൽ അർജന്റീനൻ ജേഴ്സിയിൽ ഗോളടിച്ചും ഗോളിന് വഴിവെച്ചും നിക്കോ തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കിലും പത്താം നമ്പർ ജഴ്സിയെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും, രാജ്യത്തെ പ്രതിനിധീകരിച്ച് മൈതാനത്ത് ഫുട്ബോൾ ആസ്വദിച്ചു കളിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നുമാണ് നിലവിൽ 18-ാം നമ്പർ ജഴ്സിയണിയുന്ന യുവതാരത്തിന്റെ നിലപാട്.