FOOTBALL

ഐഎസ്എല്‍ 2026 | ആദ്യ ഹോം മത്സരത്തിനിറങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സ്, കൊമ്പന്മാര്‍ക്ക് ഇന്ന് അഭിമാന പോരാട്ടം; മുംബൈ സിറ്റിയെ നേരിടും

സ്വന്തം തട്ടകത്തില്‍ വലിയ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് കൊമ്പന്മാര്‍ ഇന്നിറങ്ങുക.

Author : ന്യൂസ് ഡെസ്ക്

പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2026ല്‍ ആദ്യ ഹോം മത്സരത്തിന് ഇറങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്വന്തം തട്ടകത്തില്‍ വലിയ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് കൊമ്പന്മാര്‍ ഇന്നിറങ്ങുക. മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. രാത്രി 7.30ന് കലൂർ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം ഗ്രൗണ്ടില്‍ ഇത്തവണ മുംബൈ സിറ്റിക്കെതിരെ വന്‍ തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

ജിസിഡിഎയുമായുള്ള വാടക തര്‍ക്കത്തിന് പിന്നാലെ ഇന്ന് ഹോം മത്സരം നടക്കുമോ എന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവില്‍ വാടക കുടിശ്ശിക നല്‍കിയതിന് ശേഷമാണ് ഇന്ന് കലൂരിലെ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ അനുമതി നല്‍കിയത്.

ഇത്തവണ ആദ്യം കോഴിക്കോട് ആയിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആയി നിശ്ചയിച്ചിരുന്നത്. പിന്നീട് വാടക തുക കുറച്ച് ജിസിഡിഎ കലൂര്‍ സ്റ്റേഡിയം വിട്ടു നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഒരു മത്സരത്തിന് രണ്ട് ലക്ഷം രൂപ വാടകയ്ക്ക് നല്‍കാമെന്നായിരുന്നു ജിസിഡിഎ നല്‍കിയ വാഗ്ദാനം. എന്നാല്‍ വാടക കുടിശിക നല്‍കാന്‍ ബാക്കിയുള്ളതിനാല്‍ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ താല്‍ക്കാലിക ഓഫീസ് അടച്ചു പൂട്ടുകയും പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT