ദോഹ: ഫുട്ബോൾ ലോകകപ്പിൽ പന്തുതട്ടാൻ ഇക്കുറി മലയാളിയും. കണ്ണൂർ സ്വദേശി തഹ്‌സിൻ മുഹമ്മദ് ജംഷീദാണ് ഖത്തർ ടീമിൻ്റെ 26 അംഗ സംഘത്തിൽ ഇടംപിടിച്ചത്. ഖത്തർ ലീഗിൽ അൽ ദുഹൈൽ താരമാണ് തഹ്‌സിൻ. സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് തഹ്‌സിൻ. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായിരുന്ന താരം ഇതിനോടകം ഖത്തർ ദേശീയ ടീമിനായി രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഖത്തറില്‍ ചീഫ് അക്കൗണ്ടന്‍റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്‍റേയും വളപട്ടണം സ്വദേശിഷൈമയുടേയും രണ്ടാമത്തെ മകനാണ് തഹ്‌സിൻ. 2006ൽ ഖത്തറിലാണ് തഹ്‌സിൻ ജനിച്ചത്. ഖത്തറിലെ ആസ്പയർ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നേടിയ തഹ്‌സിൻ്റെ വളർച്ച അതിവേഗമായിരുന്നു. ഖത്തറിൻ്റെ അണ്ടർ 16, അണ്ടർ 17 ദേശീയ ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഈ ലെഫ്റ്റ് വിങ്ങർ 2024ലാണ് അൽ ദുഹൈലിലൂടെ ഖത്തർ സ്റ്റാർസ് ലീഗിൽ അരങ്ങേറ്റം നടത്തിയത്. അഫ്ഗാനിസ്ഥാന് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് ഖത്തർ ദേശീയ ടീമിൽ തഹ്സിൻ എത്തിയത്.
വേഗവും പന്തടക്കവും സ്ഥിരതയാർന്ന പ്രകടനവും കൊണ്ട് ഖത്തർ ദേശീയ ടീമിലിടം നേടിയ ഈ മലയാളി താരം 26 അംഗ അന്തിമ സ്ക്വാഡിലും ഇടംപിടിച്ചിരിക്കുകയാണ്. ജൂണ്‍ 11 മുതല്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. ലോകകപ്പ് ടെലിവിഷനിലും നേരിട്ടും കണ്ടു ശീലിച്ച മലയാളികള്‍ക്ക് ഇത്തവണ പുല്‍മൈതാനത്ത് മലയാളി വിസ്മയം തീര്‍ക്കുമെന്നതാണ് പ്രതീക്ഷ.
അതേസമയം, തഹ്സീന്റെ ബന്ധുക്കളും കൂട്ടുകാരും ലോകകപ്പ് ആവേശം ഇരട്ടിയായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജനിച്ചതും വളർന്നതും ഖത്തറിലെങ്കിലും അവധിക്കാലത്ത് കണ്ണൂർ വളപട്ടണത്ത് എത്തുന്ന തഹ്സീൻ പന്ത് തട്ടിയിരുന്ന ഗ്രൗണ്ടിൽ നാട്ടുകാർ മധുരവിതരണവും നടത്തി.