FOOTBALL

ജിസിഡിഎയുടെ സെക്യൂരിറ്റി ഗെറ്റ് ഔട്ട് അടിച്ച് അപമാനിച്ചവരിൽ ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖിൽ ഭരദ്വാജും

സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സിന് കൈമാറാനുള്ള തർക്കം നിലനിൽക്കുന്നതിനിടെ ആയിരുന്നു സംഭവം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കലൂർ സ്റ്റേഡിയം വാടക തർക്കത്തെ തുടർന്ന് ജിസിഡിഎ പുറത്താക്കിയവരിൽ ബ്ലാസ്റ്റേഴ്‌സ് ഉടമയും. വ്യവസായി നിഖിൽ ഭരദ്വാജിനാണ് അപമാനം നേരിട്ടത്. ശനിയാഴ്ച വൈകിട്ട് സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളുടെ സംഘത്തെയാണ് സുരക്ഷ ഉദ്യോഗസ്ഥർ പുറത്താക്കിയത്. സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സിന് കൈമാറാനുള്ള തർക്കം നിലനിൽക്കുന്നതിനിടെ ആയിരുന്നു സംഭവം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിൻ്റെ 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നടക്കുന്നതിന് മുന്നോടിയായാണ് കൊച്ചിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് പൂട്ടിയ ജിസിഡിഎ, പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുൻപ് നിശ്ചയിച്ചിരുന്ന പത്രസമ്മേളനം സ്റ്റേഡിയത്തിൽ നടത്താൻ അനുവദിച്ചിരുന്നില്ല. മീഡിയ റൂം പൂട്ടിയതിനാൽ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓൺലൈനിലേക്ക് മാറ്റേണ്ടി വരികയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സ്റ്റേഡിയം വാടക ഉയർത്താനുള്ള ജിസിഡിഎയുടെ നീക്കം. രണ്ട് ലക്ഷമെന്നത് 4.20 ലക്ഷമായി വർധിപ്പിക്കാനായിരുന്നു തീരുമാനം. എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമായത്. നേരത്തെ കോഴിക്കോട് നടത്താൻ നിശ്ചയിച്ച മത്സരം കൊച്ചിയിൽ നടത്താൻ തീരുമാനിച്ചത് വാടക കുറയ്ക്കുമെന്ന ജിസിഡിഎയുടെ വാക്കിൻ്റെ അടിസ്ഥാനത്തിലായിരുന്നു. നേരത്തെ രണ്ട് ലക്ഷം നൽകിയാൽ മതി എന്നായിരുന്നു അറിയിച്ചത്. എന്നാൽ, നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇ-മെയില്‍ മുഖേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

SCROLL FOR NEXT