FOOTBALL

കേരള ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടക്കും; വാടക തര്‍ക്കത്തില്‍ ജിസിഡിഎയുമായി ധാരണയിലെത്തി

ഏറെനാള്‍ നീണ്ട വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് പുതിയ കരാര്‍. കോഷന്‍ ഡെപ്പോസിറ്റ് ഒരു കോടിയായി തന്നെ തുടരും.

Author : ന്യൂസ് ഡെസ്ക്

ഐഎസ്എല്ലില്‍ ഈ സീസണിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടക്കും. സ്റ്റേഡിയത്തിന്റെ വാടക തര്‍ക്കത്തില്‍ ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്‌സും ധാരണയിലെത്തി. ഒരോ മത്സരങ്ങള്‍ക്കും മൂന്ന് ലക്ഷം രൂപയാകും വാടകയായി ഈടാക്കുക. ഏറെനാള്‍ നീണ്ട വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് പുതിയ കരാര്‍. കോഷന്‍ ഡെപ്പോസിറ്റ് ഒരു കോടിയായി തന്നെ തുടരും. നാളെ ഇന്റര്‍ കാശിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഹോം മത്സരം.

ജിസിഡിഎയുമായുള്ള വാടക തര്‍ക്കത്തിന് പിന്നാലെ ആദ്യ ഹോം മത്സരം നടക്കുമോ എന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവില്‍ വാടക കുടിശ്ശിക നല്‍കിയതിന് ശേഷമാണ് കലൂരിലെ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളിക്കാന്‍ അനുമതി നല്‍കിയത്.

ഇത്തവണ ആദ്യം കോഴിക്കോട് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയി നിശ്ചയിച്ചിരുന്നത്. പിന്നീട് വാടക തുക കുറച്ച് ജിസിഡിഎ കലൂര്‍ സ്റ്റേഡിയം വിട്ടു നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഒരു മത്സരത്തിന് രണ്ട് ലക്ഷം രൂപ വാടകയ്ക്ക് നല്‍കാമെന്നായിരുന്നു ജിസിഡിഎ നല്‍കിയ വാഗ്ദാനം.

എന്നാല്‍ വാടക കുടിശിക നല്‍കാന്‍ ബാക്കിയുള്ളതിനാല്‍ ആദ്യ ഹോം മത്സരം നടക്കുന്നതിന് തലേ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ താല്‍ക്കാലിക ഓഫീസ് അടച്ചു പൂട്ടുകയും പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കുടിശിക നല്‍കുകയായിരുന്നു.

SCROLL FOR NEXT