തഹ്‌സിൻ മുഹമ്മദ് ജംഷിദ് Instagram
FOOTBALL

കാൽപന്ത് കളിയുടെ മാമാങ്കത്തിൽ മലയാളിയുടെ കാലൊപ്പ്; ഖത്തറിനായി ബൂട്ടണിയാൻ തഹ്‌സിൻ ജംഷിദ്

2006 ൽ ഖത്തറിൽ ജനിച്ച തഹ്‌സിൻ ജംഷിദിന്റെ വേരുകൾ കണ്ണൂർ ജില്ലയിലാണ്

Author : Jishnu Anil

ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കലെത്തുമ്പോൾ അർജൻ്റീനയുടെയും ബ്രസീലിൻ്റെയും പോർച്ചുഗല്ലിന്റെയും ഫ്രാൻസിൻ്റെയുമൊക്കെ കുപ്പായങ്ങളണിഞ്ഞ് തെരുവുകളെ ആവേശത്തിലാഴ്ത്തുന്നത് കേരളത്തിൻ്റെ ഫുട്ബോൾ ആരാധനയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അത്രത്തോളം ആഴത്തിലുള്ളൊരു വികാരമായിട്ടാണ് മലയാളികൾ ലോകകപ്പിനെ വരവേൽക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന ഈ വൈകാരികതക്ക് പിന്നിൽ ഇന്ധനമായി പെലെയും മറഡോണയും റൊണാൾഡീഞ്ഞോയും സിദാനും മെസ്സിയും റൊണാൾഡോയും അടക്കം നിരവധി ഇതിഹാസങ്ങൾ അണിനിരന്നിട്ടുണ്ട്.

2026 ലോകകപ്പിന് അരങ്ങൊരുങ്ങുമ്പോൾ കേരളത്തിന് ഇരട്ടി മധുരമാണ് - സൂപ്പർ താരങ്ങൾ അരങ്ങുവാഴുന്ന വേദിയിൽ കേരളത്തിൽ വേരുകളുള്ളൊരു താരം ബൂട്ടണിയാനൊരുങ്ങുന്നു. ഖത്തറിന്റെ പ്രിലിമിനറി ടീമിൽ ഇടം നേടിയ തഹ്‌സിൻ മുഹമ്മദ് ജംഷിദ് എന്ന പത്തൊൻപതുകാരൻ മലയാളിക്ക് അന്തിമ ടീം പ്രഖ്യാപിക്കുമ്പോഴും തന്റെ സാന്നിധ്യമുറപ്പിക്കാനായാൽ ലോകകപ്പിന്റെ ഭാഗമാകുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടമാണ് കാത്തിരിക്കുന്നത്.

2006 ൽ ഖത്തറിൽ ജനിച്ച തഹ്‌സിൻ ജംഷിദിന്റെ വേരുകൾ കണ്ണൂർ ജില്ലയിലാണ്. തലശ്ശേരി സ്വദേശിയായ ജംഷിദിന്റെയും വളപട്ടണം സ്വദേശിയായ ഷൈമയുടെയും മകൻ. കാലിക്കറ്റ് സർവകലാശാല ഫുട്ബോൾ താരമായിരുന്ന പിതാവിന്റെ ശിക്ഷണത്തിലാണ് കാല്പന്തുകളിയുടെ ലോകത്തേക്ക് തഹ്സിൻ ചുവടുവെക്കുന്നത്. ഖത്തറിലെ പ്രശസ്തമായ ആസ്പയർ ഫുട്ബോൾ അക്കാദമിയിൽ നിന്ന് പരിശീലനം നേടിയ തഹ്‌സിൻ വളരെ പെട്ടെന്നായിരുന്നു പ്രമുഖ ക്ലബ്ബുകളുടെയും പരിശീലകരുടെയും റഡാറിലെത്തിയത്. ഖത്തർ അണ്ടർ 16, അണ്ടർ 17 ടീമുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഈ ലെഫ്റ്റ് വിങ്ങർ 2024 ലാണ് ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബായ അൽ ദുഹൈലിലൂടെ സീനിയർ ക്ലബ് അരങ്ങേറ്റം നടത്തുന്നത്. ഈ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായ തഹ്‌സിൻ അധികം വൈകാതെ 2024 ലെ അഫ്ഗാനിസ്ഥാനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലൂടെ ഖത്തർ ദേശിയ ടീമിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ഇന്ത്യക്ക് എതിരായ യോഗ്യത മത്സരത്തിനുള്ള സ്‌ക്വാഡിലും തഹ്‌സിൻ ഇടംപിടിച്ചിരുന്നു. സ്പാനിഷ് ക്ലബായ അൽകോർകോൺ ബി ടീമിനായി 2025-25 സീസണിൽ ലോണിലും താരം കളിച്ചു.

മുൻ സ്പാനിഷ് ദേശീയ ടീമിൻ്റെയും റയൽ മാഡ്രിഡിൻ്റെയും പരിശീലകനായിരുന്ന ജുലെൻ ലൊപ്പറ്റെഗി ആണ് നിലവിൽ ഖത്തർ ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകൻ. 2025 മെയ് മാസത്തിൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ലൊപ്പറ്റെഗിയുടെ തന്ത്രങ്ങൾക്ക് കീഴിലാണ് ഖത്തർ 2026 ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കിയത്. അദ്ദേഹം പ്രഖ്യാപിച്ച 34 അംഗ സാധ്യത ടീമിലാണ് 19-കാരനായ തഹ്‌സിൻ ഇടംപിടിച്ചിരിക്കുന്നത്. ഒരു യുവതാരമെന്ന നിലയിൽ മികച്ച വേഗതയും പന്തടക്കവുമടക്കം സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ച് ദേശിയ ടീം വരെ എത്തിയ ഈ മലയാളി താരം 26 അംഗ അന്തിമ സ്ക്വാഡിലും ഇടംപിടിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ലോകോത്തര താരങ്ങളെ പരിശീലിപ്പിച്ച ലൊപ്പറ്റെഗിയുടെ ലിസ്റ്റിൽ ഒരു മലയാളി ഇടംനേടി എന്നത് തന്നെ ഏറെ അഭിമാനാർഹമായ നേട്ടമാണ്.

2022ൽ ആതിഥേയരെന്ന നിലയിൽ ലോകകപ്പ് കളിച്ച ഖത്തർ, ഇത്തവണ യോഗ്യതാ മത്സരങ്ങളുടെ കടമ്പ കടന്നാണ് ലോകകപ്പിനെത്തുന്നത്. ഗ്രൂപ്പ് ബി-യിൽ കാനഡ, സ്വിറ്റ്സർലൻഡ്, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവക്കൊപ്പം മത്സരിക്കുന്ന ഖത്തർ ഈ ലോകകപ്പിൽ വലിയ പ്രതീക്ഷകളോടെയാണ് കളത്തിലിറങ്ങുന്നത്. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ 12 ഗോളുകളുമായി തിളങ്ങിയ സ്ട്രൈക്കർ അൽമോസ് അലിയും, ഖത്തറിന്റെ എക്കാലത്തെയും മികച്ച പ്ലേമേക്കർമാരിൽ ഒരാളായ അക്രം അഫീഫും ആണ് ടീമിന്റെ കുന്തമുനകൾ. ഇവർക്ക് പുറമെ ടീം ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ്, ഫുട്ബോൾ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്‌ഫീൽഡ് താരം എന്ന ചരിത്രനേട്ടം കാത്തിരിക്കുന്ന വെറ്ററൻ താരം സെബാസ്റ്റ്യൻ സോറിയ എന്നിവരും ഖത്തർ നിരയിലുണ്ട്.

SCROLL FOR NEXT