കൊച്ചി: അർജന്റീനിയൻ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ. കേരളത്തിൽ കളിക്കുന്ന തീയതി എഎഫ്എ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിലാണ് അർജന്റീന ടീമിൻ്റെ നിർണായക പ്രഖ്യാപനം. ആരാകും എതിരാളികള്‍ എന്ന് എഎഫ്ഐ പിന്നീട് അറിയിക്കും. നവംബർ മാസത്തിലാകും അർജന്റീന ടീം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കുക. മെസിയും സംഘവും വരാൻ രണ്ടര മാസം മാത്രം ശേഷിക്കെ ഒരുക്കങ്ങൾ ഉടൻ തുടങ്ങും.
ലയണൽ സ്കലോണി നയിക്കുന്ന അർജന്റീനിയൻ ദേശീയ ടീമിന് 2025ലെ ശേഷിക്കുന്ന കാലയളവിൽ രണ്ട് ഫിഫ സൗഹൃദ മത്സരങ്ങൾ ഉണ്ടാകുമെന്നാണ് എഎഫ്ഐ അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ ആറ് മുതൽ 14 വരെ നടക്കുന്ന ആദ്യ മത്സരം അമേരിക്കയിലാണ്. എതിരാളികളെയും നഗരങ്ങളെയും പിന്നീട് തീരുമാനിക്കും. നവംബറിൽ 10 മുതൽ 18 വരെ നടക്കുന്ന ഫിഫ സൗഹൃദ മത്സരങ്ങളിൽ രണ്ടാമത്തേത് അംഗോളയിലെ ലുവാണ്ടയിലും കേരളത്തിലും നടക്കും. എതിരാളികളെ പിന്നീട് തീരുമാനിക്കുമെന്നും എഎഫ്ഐ അറിയിച്ചു.
2024 സെപ്റ്റംബർ ഇരുപത്തിനാലിനാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പിന്നീട് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും അവർ സഹകരണ സന്നദ്ധത അറിയിച്ചതായും വ്യക്തമാക്കി. എന്നാല്‍, തുടർന്ന് പല ഘട്ടങ്ങളില്‍ മെസിയും സംഘവും കേരളത്തിലേക്ക് എത്തില്ലെന്ന തരത്തില്‍ വാർത്തകള്‍ വന്നു. ഫിഫ പുറത്ത് വിട്ട ഫുട്ബോൾ വിൻഡോയിലും കേരളം ഉണ്ടായിരുന്നില്ല.
കായിക വകുപ്പ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ മെസി വരില്ലെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. ഡിസംബറില്‍ അർജന്റീന സംഘം ഇന്ത്യയിലെത്തുമെന്നും നാല് നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും അറിയിച്ചുകൊണ്ട് പരിപാടിയുടെ പ്രമോട്ടര്‍ ആയ ശദ്രാദു ദത്ത ഷെഡ്യൂള്‍ പുറത്തുവിട്ടിരുന്നു. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ മെസിയും കൂട്ടരും മത്സരിക്കുമെന്നാണ് സംഘാടകർ അറിയിച്ചത്. ഇത് മലയാളി അരാധകരെ വലിയ തോതില്‍ നിരാശരാക്കി.
ഒരു സ്പോർട്സ് ലേഖകനുമായി നടന്ന ആശവിനിമയത്തില്‍ ടീമുമായുള്ള കരാർ സർക്കാർ ലംഘിച്ചുവെന്ന് എഎഫ്എ ചീഫ് കൊമേഷ്യല്‍ ആന്‍ഡ് മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സണ്‍ ചൂണ്ടിക്കാണിക്കുക കൂടി ചെയ്തതോടെ കായിക വകുപ്പ് വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. സർക്കാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ലെന്നായിരുന്നു വിമർശനം.
എന്നാല്‍, അര്‍ജന്റീന ടീം നവംബറില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ തറപ്പിച്ചു പറഞ്ഞു. വന്നില്ലെങ്കില്‍ അത് കരാർ ലംഘനം ആകുമെന്ന് സ്പോണ്‍സർമാരും ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് നവംബറില്‍ കേരളത്തില്‍ സൗഹൃദ മത്സരം കളിക്കുമെന്ന് എഎഫ്എ അറിയിച്ചിരിക്കുന്നത്.