
ഹോങ് കോങ്: സൗദി സൂപ്പർ കപ്പിൻ്റെ ഫൈനലിൽ നാളെ സൂപ്പർ താരപ്പോര്. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസറും അൽ ആഹ്ലി സൗദിയും തമ്മിലാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. ഹോങ് കോങ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 5.30നാണ് മത്സരം ആരംഭിക്കുക.
റിയാദ് മാഹ്റെസ്, ഇവാൻ ടോണി, ഫ്രാങ്ക് കെസ്സീ, മെറി ഡെമിറാൽ, ഗലേനോ, എൻസോ മില്ലോട്ട് എന്നിവരാണ് അൽ ആഹ്‌ലിയുടെ മുൻനിര താരങ്ങൾ.
നിർണായകമായ രണ്ടാം സെമി ഫൈനലിൽ അൽ ഖദിസിയയെ 5-1ന് നിഷ്പ്രഭമാക്കിയാണ് കരുത്തരായ അൽ ആഹ്‌ലിയുടെ വരവ്. ഇരട്ട ഗോളുകൾ നേടിയ ഫ്രാങ്ക് കെസ്സി (12, 45+2), ഇവാൻ ടോണി (28, പെനാൽറ്റി), എൻസോ മില്ലോട്ട് (31) എന്നിവരാണ് ഗോൾവേട്ടക്കാർ. അതേസമയം, ഖദിസിയ താരം നാച്ചോ ഒരു ഓൺ ഗോളും വഴങ്ങി.
ആദ്യ സെമി ഫൈനലിൽ കരീം ബെൻസിമയുടെ അൽ ഇത്തിഹാദിനെ പോർച്ചുഗീസ് പടക്കോപ്പുകളുടെ കൗണ്ടർ അറ്റാക്കിങ്ങിലൂടെയാണ് അൽ നസർ വീഴ്ത്തിയത്, സ്കോർ 2-1. 61ാം മിനിറ്റിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് പിറന്ന ജാവോ ഫെലിക്സിൻ്റെ ഗോളിൻ്റെ ബലത്തിലാണ് അൽ നസർ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്.
പത്താം മിനിറ്റിൽ അൽ നസറിനെ മുന്നിലെത്തിച്ച സാദിയോ മാനെ 25ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് പുറത്തായിരുന്നു. ഇതോടെ മത്സരത്തിൻ്റെ ഭൂരിഭാഗം സമയത്തും പത്ത് പേരുമായി കളിക്കാനായിരുന്നു അൽ ആലാമികളുടെ വിധി.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിലായിരുന്നു. 16ാം മിനിറ്റിൽ സ്റ്റീവൻ ബെർഗ്‌വിനാണ് ഇത്തിഹാദിനെ ഒപ്പമെത്തിച്ചത്. 61ാം മിനിറ്റിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് പിറന്ന ജാവോ ഫെലിക്സിൻ്റെ ഗോളിൻ്റെ ബലത്തിലാണ് അൽ നസർ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്.