മാഡ്രിഡ്: ഫുട്ബോളിലെ നേട്ടങ്ങളുടെ കാര്യത്തിൽ ഒരു ഘട്ടത്തിൽ ലാമിനെ യമാൽ സാക്ഷാൽ ലയണൽ മെസ്സിയെ മറികടക്കുമെന്ന് മുൻ റയൽ മാഡ്രിഡ് കളിക്കാരനും ഡച്ച് ഇതിഹാസവുമായ വെസ്ലി സ്നൈഡർ. ലാമിനെ യമാലിനെയും മെസ്സിയെയും താരതമ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ബാഴ്‌സലോണയിലെ പുതിയ മെസ്സിയാണ് ലാമിനെ യമാൽ. കരിയറിൽ ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ അവാർഡുകൾ നേടുന്ന കളിക്കാരനെന്ന മെസ്സിയുടെ റെക്കോർഡ് മറികടക്കാൻ സ്പാനിഷ് താരത്തിന് കഴിയും. ലമാലിന് ഇപ്പോൾ മറ്റു ലീഗുകളോ ക്ലബ്ബുകളോ പരീക്ഷിക്കേണ്ട ആവശ്യമില്ല. താരം ബാഴ്‌സലോണയിൽ തന്നെ കുറേ വർഷങ്ങൾ തുടരണം," സ്നൈഡർ ചൂണ്ടിക്കാട്ടി.
"ബാഴ്സലോണ ഒരിക്കലും അവനെ പോകാൻ അനുവദിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. യമാൽ ഒരിക്കലും പോകാൻ ആഗ്രഹിക്കില്ല. കാരണം അവൻ വളരെ ചെറുപ്പം മുതൽ അവിടെയുണ്ട്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഇതിനോടകം തന്നെ വളരെയധികം നേട്ടങ്ങൾ യമാൽ നേടിയിട്ടുണ്ട്. അവൻ ധാരാളം പണം സമ്പാദിച്ചിട്ടുണ്ട്. ടീമിൽ അവൻ ഒരു വലിയൊരു താരമാണ്. ഇംഗ്ലണ്ടിലേക്കോ ജർമനിയിലേക്കോ മറ്റെവിടെയെങ്കിലുമോ പോകുന്നതിനെക്കുറിച്ച് അവൻ എന്തിന് ചിന്തിക്കണം? അത് അർത്ഥശൂന്യമാണ്," സ്നൈഡർ പറഞ്ഞു.
"ഒരുപക്ഷേ, പിന്നീട് മെസ്സിയെപ്പോലെ അദ്ദേഹം പോയേക്കാം. അത് പുതിയ അനുഭവങ്ങൾ പരീക്ഷിക്കാൻ വേണ്ടി മാത്രമാകും. ഒരു 10 വർഷത്തിന് ശേഷം നമ്മൾ വീണ്ടും സംസാരിക്കുമ്പോഴും ലാമിൻ യമാൽ ബാഴ്‌സലോണയിൽ തന്നെ ഉണ്ടാകും. യമാലിന് മെസ്സിയുടെ നിലവാരത്തിലെത്താൻ കഴിയും. കളിക്കാർ എല്ലാ വർഷവും മെച്ചപ്പെടുന്നു. യമാൽ ഇതിനോടകം തന്നെ മികച്ച നിലവാരത്തിലാണ് കളിക്കുന്നത്," സ്നൈഡർ കൂട്ടിച്ചേർത്തു.