Image: Instagram
FOOTBALL

'കെട്ടിപ്പിടിച്ചതും തൊട്ടതുമൊന്നും മെസിക്ക് ഇഷ്ടപ്പെട്ടില്ല'; കൊല്‍ക്കത്തിയിലെ പരിപാടി പൊളിയാന്‍ കാരണം

89 കോടി രൂപയാണ് മെസിക്ക് നല്‍കിയത്. 11 കോടി രൂപ സര്‍ക്കാരിന് ടാക്‌സ് ആയി നല്‍കി

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലയണല്‍ മെസിയുടെ സന്ദര്‍ശനത്തിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസംഘാടകന്‍. സംഘര്‍ഷത്തിനു പിന്നാലെ മുഖ്യ സംഘാടകനായ ശത്രാദു ദത്തയെ അറസ്റ്റ് ചെയ്തിരുന്നു.

തൊടുന്നതിലും കെട്ടിപ്പിടിക്കുന്നതിലും മെസിക്ക് അസ്വസ്ഥതയുണ്ടായിരുന്നു. ഇതോടെയാണ് മുന്‍നിശ്ചയിച്ച പ്രകാരം സ്റ്റേഡിയത്തില്‍ തുടരാന്‍ നില്‍ക്കാതെ അദ്ദേഹം മടങ്ങിയതെന്നാണ് ശത്രാദു ദത്ത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

ശത്രാദുവിനെ മണിക്കൂറുകളോളമാണ് എസ്‌ഐടി ചോദ്യം ചെയ്തത്. പിന്നില്‍ വന്ന് തൊടുന്നതും കെട്ടിപ്പിടിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇക്കാര്യം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പലതവണ അറിയിപ്പ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വളയുകയും ആലിംഗനം ചെയ്തതും അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കി.

അതേസമയം, സാള്‍ട്ട് ലേക്കിലെ പരിപാടിയില്‍ മെസിയുടെ അടുത്തുണ്ടായിരുന്നത് പശ്ചിബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസായിരുന്നു. മെസിയെ കടന്നുപിടിച്ചു നില്‍ക്കുന്ന മന്ത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലുണ്ട്.

മന്ത്രി തന്റെ സ്വാധീനം ഉപയോഗിച്ച് ബന്ധുക്കളുടേയും അടുപ്പക്കാരേയും മെസിയുടെ അടുത്തെത്തിച്ചുവെന്ന് അന്നുമുതല്‍ ആരോപണവുമുണ്ട്. വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അരൂപ് ബിശ്വാസ് കായിക മന്ത്രി സ്ഥാനത്തു നിന്ന് മാറി നില്‍ക്കുകയും ചെയ്തു.

വലിയ കൂട്ടം ആളുകള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്നതിനെ കുറിച്ചും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 150 ഗ്രൗണ്ട് പാസുകളാണ് നല്‍കിയിരുന്നതെന്ന് ശത്രാദു ദത്ത ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍, സ്വാധീനമുള്ള ഒരു വ്യക്തി എത്തിയതിനു പിന്നാലെ പാസുകളുടെ എണ്ണം മൂന്ന് മടങ്ങായി വര്‍ധിച്ചു. ആള് കൂടിയത് കാരണമായിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

മെസിയെ എത്തിക്കാനായി ചെലവഴിച്ച തുകയെ കുറിച്ചും ശത്രാദു വെളിപ്പെടുത്തി. 89 കോടി രൂപയാണ് മെസിക്ക് നല്‍കിയത്. 11 കോടി രൂപ സര്‍ക്കാരിന് ടാക്‌സ് ആയി നല്‍കി. അങ്ങനെ ആകെ 100 കോടി രൂപ ചെലവഴിച്ചാണ് മെസിയെ ഇന്ത്യയിലെത്തിച്ചത്. ചെലവില്‍ 30 ശതമാനം സ്‌പോണ്‍സര്‍മാരും 30 ശതമാനം ടിക്കറ്റ് വില്‍പ്പനയിലൂടേയുമാണ് സമാഹരിച്ചത്.

എന്നാല്‍, ദത്തയുടെ ബാങ്ക് അക്കൗണ്ടില്‍ 20 കോടി രൂപ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. കൊല്‍ക്കത്തയിലും ഹൈദരാബാദിലും നടന്ന മെസ്സി മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റതില്‍ നിന്നും സ്‌പോണ്‍സര്‍മാരില്‍ നിന്നും ലഭിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നാണ് ദത്ത ഉദ്യോഗസ്ഥരോട് പറഞ്ഞത്.

SCROLL FOR NEXT