കാല്‍പ്പന്തു പ്രേമികളെ ആവേശത്തിലാഴ്ത്തി, നാലു വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന മഹാമേളയ്ക്ക് പറയാന്‍ ഒരു നൂറ്റാണ്ടിന്റെ കഥയുണ്ടാകും. അതിന്റെ ആദ്യ അധ്യായത്തില്‍ തിളക്കമുള്ള പേരായി ഒരു ഫ്രഞ്ച് താരവുമുണ്ടാകും. ലുസിയന്‍ ലോറന്റ്. ദേശീയ കുപ്പായത്തില്‍ 10 മത്സരങ്ങള്‍ മാത്രം കളിച്ച്, രണ്ടു ഗോള്‍ മാത്രം നേടിയ ലോറന്റ് എങ്ങനെയാണ് ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമാകുന്നത്?
1930ല്‍ ആദ്യ ഫിഫ ലോകകപ്പിന് വേദിയായത് ഉറുഗ്വെ ആയിരുന്നു. രണ്ടാഴ്ച നീണ്ട കടല്‍ യാത്രയ്ക്കൊടുവിലാണ് ഫ്രഞ്ച് സംഘം ഉറുഗ്വെയിലെത്തിയത്. ജൂലൈ 13. ലോക ഫുട്ബോളില്‍ പുതുചരിത്രം പിറവിയെടുക്കുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഫ്രാന്‍സും മെക്സിക്കോയും നേര്‍ക്കുനേര്‍. ഇന്നത്തെപ്പോലെ ആഡംബരവും സാങ്കേതികത്തികവുമൊന്നും ആഘോഷം തീര്‍ക്കാതിരുന്ന കാലം. പക്ഷേ, കാല്‍പ്പന്തിനോടുള്ള ആവേശം തീഷ്ണമായിരുന്നു. വിശ്വപോരിന്റെ കിക്കോഫിന് സാക്ഷികളായി ആയിരത്തോളം പേര്‍ അന്ന് ഗാലറിയിലെത്തി.
മത്സരത്തിന്റെ പത്തൊമ്പതാം മിനുറ്റിലായിരുന്നു ചരിത്രം പിറന്നത്. ഫ്രഞ്ച് വിങ്ങര്‍ ഏണസ്റ്റ് ലിബറേറ്റിയുടെ ക്രോസ്, പെനാല്‍റ്റി ബോക്സിനു സമീപത്തേക്ക് പാഞ്ഞെത്തി. അവിടേക്ക് ഓടിയടുത്ത ലോറന്റ് തകര്‍പ്പന്‍ വോളിയിലൂടെ പന്ത് വലയിലാക്കി. മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഓസ്‌കര്‍ ബോണ്‍ഫിഗിലോയ്ക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഫ്രഞ്ച് ജേഴ്സിയില്‍ ലോറന്റ് നേടുന്ന ആദ്യ ഗോള്‍. അതിനുമപ്പുറം, ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ ഗോള്‍. ഫ്രഞ്ച് താരങ്ങള്‍ പരസ്പരം അഭിനന്ദിച്ച് സന്തോഷം പങ്കുവച്ചു. നിറഞ്ഞ കൈയടികളോടെ, കാണികളും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കളി അവസാനിക്കുമ്പോള്‍ 4-1ന് ഫ്രാന്‍സിന് ജയം. ലോകകപ്പില്‍ ആദ്യ മത്സര വിജയികളായി ഫ്രാന്‍സ്.
വിജയത്തുടക്കം ഫ്രാന്‍സിനെ മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പിന്നീട് നടന്ന രണ്ട് മത്സരങ്ങളില്‍, അര്‍ജന്റീനയോടും ചിലിയോടും പരാജയപ്പെട്ടതോടെ ഫ്രാന്‍സിന്റെ ലോകകപ്പ് മോഹങ്ങള്‍ പൊലിഞ്ഞു. അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ ലൂയിസ് മോണ്ടിയുടെ ഫൗളില്‍ പരിക്കേറ്റ ലോറന്റിന് ചിലിക്കെതിരെ കളിക്കാനുമായില്ല.
പരിക്ക് പലപ്പോഴും വില്ലനായതോടെ ലോറന്റിന് കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അതിനിടെ 1931ല്‍ ഇംഗ്ലണ്ടിനെതിരായ സൗഹൃദമത്സരത്തില്‍ ഒരു ഗോള്‍ നേടി. അതായിരുന്നു ഫ്രഞ്ച് കുപ്പായത്തില്‍ ലോറന്റ് നേടിയ രണ്ടാമത്തെ ഗോള്‍. പരിക്ക് വില്ലനായതോടെ 1934ലെ ലോകകപ്പിലും ലോറന്റിന് കളത്തിലിറങ്ങാനായില്ല. ഫ്രാന്‍സിന് വേണ്ടി ആകെ 10 മത്സരങ്ങള്‍ മാത്രം കളിച്ച ലോറന്റ് 1946ല്‍ കളി അവസാനിപ്പിച്ചു.
1998ല്‍ ഫ്രാന്‍സ് സ്വന്തം മണ്ണില്‍ ബ്രസീലിനെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ചൂടുമ്പോള്‍, അതിന് സാക്ഷിയായി ലോറന്റ് ഗാലറിയിലുണ്ടായിരുന്നു. ഫ്രാന്‍സിനായി ആദ്യ ലോകപ്പ് ഗോള്‍ നേടിയ ലോറന്റിന് അന്ന് 89 വയസായിരുന്നു. ആ പ്രായത്തിലും ഫുട്ബോളിനോടുള്ള ആവേശം അദ്ദേഹത്തെ കൈവിട്ടിരുന്നില്ല. 2005 ഏപ്രില്‍ പതിനൊന്നിന് 97-ാം വയസിലായിരുന്നു ലോറന്റിന്റെ അന്ത്യം.
"ഫ്രാന്‍സ് ലോകകപ്പ് കളിക്കുന്നു. ടീമില്‍ ഞാനുമുണ്ടെന്ന് അറിഞ്ഞിരുന്നു. ഫ്രാന്‍സിനായി ഞാന്‍ നേടുന്ന ആദ്യ ഗോള്‍ ലോകകപ്പിലെ ആദ്യ ഗോളായി. ഇന്നത്തെപ്പോലെ തലകുത്തി മറിച്ചിലോ, ഒരാളുടെമേല്‍ മറ്റൊരാള്‍ ചാടിക്കയറുന്നതോ പോലുള്ള ആഘോഷങ്ങളൊന്നും ഇല്ലായിരുന്നു. കളിക്കാര്‍ പരസ്പരം അഭിനന്ദിച്ചു" - ലോകകപ്പിലെ ആദ്യ ഗോള്‍ നേട്ടത്തെക്കുറിച്ച് ലോറന്റ് ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്.
കാലമേറെ കടന്നുപോയി. ലോകകപ്പില്‍ പുതിയ പുതിയ ഇതിഹാസങ്ങള്‍ പിറവിയെടുത്തു. ഒട്ടനവധി ഗോളുകള്‍ പിറന്നു. ചരിത്രം പലകുറി തിരുത്തിയെഴുതപ്പെട്ടു. പക്ഷേ, 1930ലെ ലുസിയന്‍ ലോറന്റിന്റെ ആ വോളി, ആര്‍ക്കും, ഒരുകാലത്തും തിരുത്തപ്പെടാനാവാത്ത ചരിത്രമായി നിലനില്‍ക്കുന്നു. ആ ഗോള്‍ ഒഴിവാക്കിക്കൊണ്ട് ലോകകപ്പ് കഥകള്‍ പറയാനുമാവില്ല.