FOOTBALL

കരിയറിൽ 400 അസിസ്റ്റുകളെന്ന ചരിത്രനേട്ടത്തിൽ മെസി! എംഎല്‍എസിൽ ഇരട്ടഗോളിൽ തിളങ്ങി ഇതിഹാസതാരം; ഇൻ്റര്‍ മയാമി പ്ലേ ഓഫില്‍

സിൻസിനാറ്റിയാണ് കോൺഫ്രൻസ് സെമിയിൽ ഇൻ്റർ മയാമിയുടെ എതിരാളികൾ

Author : ന്യൂസ് ഡെസ്ക്

മേജര്‍ ലീഗ് സോക്കറില്‍ ലയണൽ മെസിയുടെ ഇൻ്റര്‍ മയാമി സെമിയിൽ. നാഷ്‌വില്ലെയെ തകർത്താണ് മയാമി സെമി ഉറപ്പിച്ചത്. മറുപടിയില്ലത്ത നാല് ഗോളുകൾക്കാണ് മയാമിയുടെ ജയം. ഇരട്ട ഗോളും അസിസ്റ്റുമായി മെസി കളം നിറഞ്ഞു. മെസിക്ക് പുറമെ ടാഡിയോ അല്ലെന്‍ഡയും മയാമിക്കായി ഇരട്ട​ഗോളുകൾ നേടി. സിൻസിനാറ്റിയാണ് കോൺഫ്രൻസ് സെമിയിൽ ഇൻ്റർ മയാമിയുടെ എതിരാളികൾ. നവംബർ 22നാണ് മത്സരം.

മത്സരം ആരംഭിച്ചതുമുതല്‍ മെസി കളികളത്തിൽ നിറഞ്ഞു. പത്താം മിനിറ്റില്‍ താരം കിടിലന്‍ സോളോ ഗോളിലൂടെ മയാമിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് മെസി വലകുലുക്കി വീണ്ടും വലകുലുക്കി. രണ്ട് ഗോളുകള്‍ക്ക് ആദ്യപകുതിയിൽ മുന്നിട്ടുനിന്ന മയാമി രണ്ടാം പകുതിയിലും മുന്നേറ്റങ്ങള്‍ തുടരുകയായിരുന്നു.

73-ാം മിനിറ്റില്‍ ടഡിയോ അല്ലെന്‍ഡേയാണ് ടീമിനായി മൂന്നാം ഗോൾ നേടിയത്. മൂന്ന് മിനിറ്റുകള്‍ക്കകം താരം വീണ്ടും ലക്ഷ്യം കണ്ടു. മെസിയുടെ അസിസ്റ്റില്‍ നിന്നാണ് ആ ഗോള്‍ പിറന്നത്. അതോടെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് മെസ്സിപ്പട ജയം സ്വന്തമാക്കി. എംഎല്‍എസ് കപ്പിന്റെ പ്ലേ ഓഫ് ചരിത്രത്തില്‍ ഇതാദ്യമായാണ് മയാമി ആദ്യ റൗണ്ട് കടക്കുന്നത്. ജയത്തോടെ ടീം പ്ലേ ഓഫ് റൗണ്ടില്‍ സെമിയിലേക്കും മുന്നേറി.

അതേസമയം, ഫുട്ബോളിൽ ചരിത്രനേട്ടവും ഇതിഹാസതാരം ലയണൽ മെസി സ്വന്തമാക്കി. കരിയറിൽ 400 അസിസ്റ്റുകളെന്ന നാഴികക്കല്ലാണ് മെസി പിന്നിട്ടത്. ബാർസലോണക്കായി 269, അർജന്റീനക്കായി 60, ഇന്റർ മയാമിക്കായി 37, പിഎസ്ജിക്കായി 34 എന്നിങ്ങനെയാണ് മെസിയുടെ അസിസ്റ്റുകൾ. ആറ് ഗോളുകൾ കൂടി നേടിയാൽ 900 കരിയർ ഗോളുകളെന്ന നാഴികക്കല്ലും മെസി സ്വന്തമാക്കും. നിലവിലെ ഫുട്ബോൾ താരങ്ങളിൽ അസിസ്റ്റുകളുടെ എണ്ണത്തിൽ മെസി മുന്നിലാണ്. 404 അസിസ്റ്റുകളുമായി ഫെറങ്ക് പുസ്കാസ് മാത്രമാണ് മെസിക്ക് മുന്നിലുള്ളത്. 2025ലെ മികച്ച സീസണിൽ ഇതുവരെ 894 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

SCROLL FOR NEXT