

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇരുപത് വയസ്സുള്ള പെണ്‍കുട്ടിയാണെന്ന വിവരം ഞെട്ടിപ്പിച്ചുവെന്ന് നടി അനുപമ പരമേശ്വരന്‍.
ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയും കുടുംബത്തേയും കുറിച്ച് മോശമായും തെറ്റായതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ടാഗ് ചെയ്തായിരുന്നു പോസ്റ്റുകള്‍. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വരെ പ്രചരിപ്പിച്ചു.
സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സൈബര്‍ ആക്രമണത്തെ കുറിച്ച് അനുപമ പറഞ്ഞത്. നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയായിരുന്നു ആക്രമണം. തന്നെ കുറിച്ച് വെറുപ്പുണ്ടാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും മാത്രമായിരുന്നു ലക്ഷ്യം.
ഓണ്‍ലൈന്‍ ഇടത്തെ ആക്രമണത്തിനെതിരെ കേരളത്തിലെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയത് തമിഴ്‌നാട്ടിലുള്ള ഇരുപത് വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് ഈ ആക്രമണമെല്ലാം നടത്തിയതെന്നായിരുന്നു. ഇത് ഞെട്ടിപ്പിക്കുന്നതായിരുന്നു. കുട്ടിയുടെ പ്രായം പരിഗണിച്ച് അവരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും അനുപമ വ്യക്തമാക്കി.
ഒരു സ്മാട്ട്‌ഫോണും സോഷ്യല്‍മീഡിയ ആക്‌സസും ഉണ്ടെന്ന് കരുതി ആരെ കുറിച്ചും എന്തും പറയാമെന്നല്ല. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ചെയ്ത കാര്യങ്ങളുടെ ഫലം അവര്‍ നേരിടേണ്ടി വരുമെന്നും അനുപമ വ്യക്തമാക്കി.
നടിയായതു കൊണ്ടോ സെലിബ്രിറ്റി ആയതുകൊണ്ടോ അടിസ്ഥാന അവകാശങ്ങള്‍ ഇലാതാകുന്നില്ലെന്നും വ്യക്തമാക്കി. സൈബര്‍ ബുള്ളീയിങ് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നു കൂടി പറഞ്ഞാണ് അനുപമയുടെ പോസ്റ്റ് അവസാനിക്കുന്നത്.