ലണ്ടൻ: ഹോം ഗ്രൗണ്ടിൽ വച്ച് സ്വന്തം ടീമിൻ്റെ ആരാധകരുടെ കൂവൽ കേൾക്കുന്നതിലും വലിയ അപമാനം വേറെ വല്ലതുമുണ്ടോ? പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ പിണഞ്ഞ ചെറിയൊരു കയ്യബദ്ധത്തിൻ്റെ പേരിൽ ടോട്ടനം ഫാൻസ് വിശ്വസ്തനായ ഈ ഡിഫൻഡറെ അപമാനിച്ചിരുന്നു. അന്ന് തലകുനിച്ചാണ് അയാൾ ഗ്രൗണ്ട് വിട്ടത്. ഹോം ഗ്രൗണ്ടിലെ ചാംപ്യൻസ് ലീഗ് പോരാട്ടത്തിൽ അവിശ്വസനീയമായൊരു സോളോ ഗോളിലൂടെ വിമർശകർക്ക് ഉചിതമായ മറുപടി നൽകാനായിടത്താണ് മിക്കി ഫാൻ ഡെ വെൻ കയ്യടി നേടുന്നത്.
എഫ്‌സി കോപ്പൻഹേഗനെതിരായ ചാംപ്യൻസ് ലീഗ് മാച്ചിലാണ് ടോട്ടനം ഹോട്ട്‌സ്പറിൻ്റെ 24കാരൻ സെൻ്റർ ബാക്കായ 'മിക്കി' അസാധ്യമെന്ന് വിശേഷിപ്പിക്കാവുന്ന സോളോ ഗോൾ നേടിയത്. സ്വന്തം ബോക്സിൽ നിന്ന് പന്തുമായി 90 മീറ്റർ ദൂരം 9 സെക്കൻഡിൽ ഓടിത്തീർത്ത്... പത്താമത്തെ ടച്ച് തകർപ്പനൊരു ബുള്ളറ്റ് ഷോട്ടായി പോസ്റ്റിൻ്റെ മധ്യഭാഗത്തേക്ക് പായിക്കുക... സ്വപ്നം പോലൊരു സോളോ ഗോൾ... അതിലുപരി മിക്കിക്ക് അത് മധുര പ്രതികാരം.
ചാംപ്യൻസ് ലീഗിൽ പിറന്ന ഏറ്റവും മനോഹരമായ ഗോളുകളിൽ ഒന്നായാണ് ഫുട്ബോൾ ആരാധകർ അതിനെ വാഴ്ത്തുന്നത്. ഒരു പക്ഷേ... പന്ത് കാലിൽ ഇല്ലായിരുന്നെങ്കിൽ 9.58 സെക്കൻഡിൽ 100 മീറ്റർ ഓടി ലോക റെക്കോർഡിട്ട ഉസൈൻ ബോൾട്ടിൻ്റെ റെക്കോർഡും അയാൾ തകർത്തേനെ.
ചെൽസിക്കെതിരായ തൊട്ടു മുമ്പത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ ഇതേ ഡിഫൻഡറുടെ പിഴവിൽ ടീം 1-0ന് തോറ്റിരുന്നു. മിക്കിക്ക് സംഭവിച്ച ആ ഡിഫൻസീവ് പിഴവ് കൂടി നമ്മൾ ഇതോടൊപ്പം ചേർത്തുവയ്ക്കേണ്ടതുണ്ട്. ഈ പിഴവിൻ്റെ പേരിൽ സ്വന്തം ടീമിൻ്റെ ആരാധകരാൽ ഡച്ച് ഡിഫൻഡറായ മിക്കി ഫാൻ ഡെ വെൻ അപമാനിതനായിരുന്നു. മത്സരത്തിന് ശേഷം ടോട്ടനം ഫാൻസ് അയാളെ കൂവി വിളിച്ചിരുന്നു.
അപമാന ഭാരത്താൽ തലകുനിച്ച് അടക്കാനാകാത്ത ദേഷ്യത്തോടെ കോച്ചിനും സഹതാരങ്ങൾക്കും കൈകൾ പോലും കൊടുക്കാതെയാണ്, അന്ന് മിക്കി നേരെ ഡ്രസിങ് റൂമിലേക്ക് പോയത്. ഈ ദുഃഖവും പേറിയാണ് മിക്കിയെന്ന ഡച്ച് പോരാളി... ഹോം ഗ്രൗണ്ടിൽ നടന്ന അടുത്ത ചാംപ്യൻസ് ലീഗ് മാച്ചിനെത്തിയത്. സ്വന്തം കാണികൾക്ക് മുന്നിൽ അയാൾക്ക് പലതും തെളിയിക്കേണ്ടിയിരുന്നു.