ഇനി വാശിയേറിയ പോരാട്ടങ്ങൾ, ഫൈനൽ ലാപ്പിൽ കേറിക്കൂടാൻ ആരൊക്കെ?

പോർച്ചുഗലും സ്പെയിനും ഫ്രാൻസും ഉൾപ്പെടെയുള്ള വമ്പൻ ടീമുകൾ പലതും ഫൈനൽ ലാപ്പിൽ സ്ഥാനമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.
FIFA World Cup 2026
Published on
Updated on

2026 ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾ അവസാന ലാപ്പിലേക്ക് കടക്കവെ നവംബർ മാസത്തിൽ നിർണായകമായ നിരവധി പോരാട്ടങ്ങൾക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇതുവരെ 28 ടീമുകളാണ് 2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടിയത്. ഇനി ശേഷിക്കുന്ന 20 സ്ഥാനങ്ങൾക്ക് വേണ്ടി തീപാറും പോരാട്ടങ്ങളാണ് നടക്കാൻ പോകുന്നത്. വമ്പൻ ടീമുകൾ പലതും ഫൈനൽ ലാപ്പിൽ സ്ഥാനമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.

യൂറോപ്പിൽ നിന്ന് ഇനി ആരൊക്കെയാകും ലോകകപ്പ് യോഗ്യത ഉറപ്പാക്കുക എന്നറിയാനാണ് കൂടുതൽ പേർക്കും താൽപ്പര്യം. ഫ്രാൻസും പോർച്ചുഗലും ബെൽജിയവും നെതർലൻഡ്സും സ്വിറ്റ്സർലൻഡും ഓസ്ട്രിയയും... യോഗ്യത നേടുന്നതിൻ്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ ഇങ്ങ് കൊച്ചു കേരളത്തിലെ ആരാധകരുടെ നെഞ്ചിടിപ്പിൻ്റെ താളം വേഗത്തിലാകുകയാണ്.

യൂറോപ്പിലെ വമ്പൻ ടീമുകളുടെ സാധ്യതകൾ

1. ഫ്രാൻസ്

യൂറോപ്പിലേക്ക് വരുമ്പോൾ കിലിയൻ എംബാപ്പെയുടെ ചുമലിലേറിയാണ് ഫ്രാൻസിൻ്റെ കുതിപ്പ്. റയലിനും ദേശീയ ടീമിനുമൊപ്പം തുടർച്ചയായ 10 മത്സരങ്ങളിൽ ഗോൾവല കുലുക്കി... പഴയ വിൻ്റേജ് ക്രിസ്റ്റ്യനോ റൊണാൾഡോയുടെ സ്മരണകൾ ഉണർത്തുന്ന മാരക ഫോമിലാണ് എംബാപ്പെ. ഇനി നവംബർ 14ന് യുക്രെയ്നും 16ന് അസർബൈജാനുമെതിരെ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ഫ്രാൻസിന് ശേഷിക്കുന്നത്. മികച്ച ഫോമിലുള്ള ഫ്രഞ്ച് പട ദുർബലരായ എതിരാളികളെ കീഴടക്കുമെന്ന് തന്നെ പ്രത്യാശിക്കാം. യുക്രെയ്നെ തോൽപ്പിച്ചാൽ തന്നെ ഫ്രാൻസ് 2026 ലോകകപ്പിന് ടിക്കറ്റെടുക്കും.

2. ബെൽജിയം

ചുവന്ന ചെകുത്താന്മാരായ ബെൽജിയം ഇല്ലാതെ ഒരു ഫുട്ബോൾ ലോകകപ്പ് സങ്കൽപ്പിക്കാനാകുന്നത് എങ്ങനെയാണ്. നവംബർ 15, 19 തീയതികളിൽ ദുർബലരായ കസാഖിസ്ഥാനും ലിച്ചെൻസ്റ്റീനുമെതിരെ രണ്ട് മത്സരങ്ങളാണ് അവർക്ക് ഇനി ശേഷിക്കുന്നത്. കസാഖിസ്ഥാനെ വീഴ്ത്തിയാൽ തന്നെ അവർ 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കും. 34കാരനായ മിഡ് ഫീൽഡ് മജീഷ്യൻ കെവിൻ ഡിബ്രൂയിൻ്റെ അവസാന ലോകകപ്പ് ആകാനും സാധ്യതയുണ്ട്.

3. സ്വിറ്റ്സർലൻഡ്

നവംബർ 16, 19 തീയതികളിലായി സ്വീഡനും കൊസോവോയ്ക്കുമെതിരെ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ഇനി സ്വിറ്റ്സർലൻഡിന് ശേഷിക്കുന്നത്. സൂപ്പർതാരം ഗ്യോക്കിറസിൻ്റെ സ്വീഡനെതിരായ മത്സരഫലം അവരെ സംബന്ധിച്ച് ഏറെ നിർണായകമാണ്. നവംബർ 16ന് അവരെ സംബന്ധിച്ചിടത്തോളം ഒരു ജയം മാത്രം മതിയാകില്ല,,, ഗ്രൂപ്പിൽ കൊസോവോ സ്ലൊവേനിയയോട് തോൽക്കുക കൂടി വേണം യോഗ്യത ഉറപ്പിക്കാൻ. ഇനി സ്വീഡനോട് സമനില വഴങ്ങിയാലും സ്ലൊവേനിയ കൊസോവോയെ തോൽപ്പിച്ചാൽ സ്വിസ് ടീം ലോകകപ്പിന് ടിക്കറ്റ് ഉറപ്പിക്കും.

4. നെതർലൻഡ്‌സ്

നവംബർ 15, 18 തീയതികളിലായി പോളണ്ട്, ലിത്വാനിയ ടീമുകളെയാണ് നെതർലൻഡ്‌സിന് ഇനി നേരിടേണ്ടത്. കരുത്തരായ പോളണ്ടിനെ വീഴ്ത്തിയാൽ അനായാസം അവർ ലോകകപ്പിനുള്ള 48 ടീമുകളിൽ ഒന്നായി മാറും. ഇരു ടീമുകളെയും നിസാരക്കാരായി തള്ളാനാകില്ല എന്നതുകൊണ്ട് തന്നെ നവംബർ രണ്ടാം വാരം വലിയ മുന്നൊരുക്കങ്ങളുമായാകും ടീം കളത്തിലിറങ്ങുക. വരാനിരിക്കുന്നത് 34കാരനായ ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻഡൈക്കിൻ്റെ അവസാന ലോകകപ്പായി മാറാനും സാധ്യതയുണ്ട്.

FIFA World Cup 2026
ലോകകപ്പ് അടുക്കുന്നു; യൂറോപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്താൻ കരുത്തർ, യോഗ്യതയുറപ്പിച്ചത് ഇംഗ്ലണ്ട് മാത്രം

5. ഓസ്ട്രിയ

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ യൂറോപ്പിലെ വമ്പൻ ടീമുകളിലൊന്നായ ഓസ്ട്രിയക്ക് നവംബർ 15, 19 തീയതികളിൽ സൈപ്രസ്, ബോസ്നിയ ആൻഡ് ഹെർസെഗോവിന ടീമുകൾക്കെതിരെ നടക്കുന്ന രണ്ട് മാച്ചുകളാണ് ഇനി ശേഷിക്കുന്നത്. 15ന് സൈപ്രസിനെ അവർ തോൽപ്പിക്കുകയും... അതോടൊപ്പം റൊമാനിയ ബോസ്നിയയോട് തോൽക്കാതിരിക്കുകയും ചെയ്താൽ ഓസ്ട്രിയ 2026 ലോകകപ്പിന് ടിക്കറ്റെടുക്കും. അല്ലെങ്കിൽ അവർക്ക് 19 വരെ കാത്തിരിക്കേണ്ടി വരും. ലോകത്തെ മികച്ച സെൻ്റർ ബാക്കുകളിൽ ഒരാളും റയൽ മാഡ്രിഡ് താരവുമായ ഡേവിഡ് അലാബയ്ക്ക് പ്രായം 33 ആയിട്ടുണ്ട്. 2026ലേത് താരത്തിൻ്റെ അവസാന ലോകകപ്പായേക്കാം.

6. നോർവെ

ഗോൾമെഷീൻ എർലിങ് ഹാലണ്ടിൻ്റെ നോർവെക്ക് നവംബർ 14ന് എസ്റ്റോണിയയെ തോൽപ്പിച്ചാൽ ലോകകപ്പ് യോഗ്യതയുടെ അരികിലെത്താൻ സുവർണാവസരമുണ്ട്. അന്നേ ദിവസത്തെ ഇറ്റലി-മോൾഡോവ മത്സരഫലം അവരെ സംബന്ധിച്ച് നിർണായകമാണ്. ഇറ്റലി ജയിച്ചില്ലെങ്കിൽ മത്സരം സമനിലയിൽ ആവുകയോ ചെയ്താൽ നോർവെ ലോകകപ്പിന് യോഗ്യത നേടും. മറിച്ച് നോർവെ എസ്റ്റോണിയയോട് സമനില വഴങ്ങുകയും, ഇറ്റലി മോൾഡോവയോട് തോൽക്കുകയും ചെയ്താലും നോർവെ ലോകകപ്പിനായി യുഎസിലേക്ക് പറക്കും.

7. പോർച്ചുഗൽ

ലെജൻഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറംപകരുന്ന ദിനമായി നവംബർ 14 മാറിയേക്കാം. രാത്രി 1.15ന് നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെ തോൽപ്പിച്ചാൽ റോണോയുടെ പറങ്കിപ്പട അനായാസം യോഗ്യത ഉറപ്പാക്കും. ഇനി അന്നേ ദിവസം പോർച്ചുഗൽ സമനിലയാണ് നേടുന്നതെങ്കിൽ... ഹംഗറി അർമേനിയയെ തോൽപ്പിച്ചില്ലെങ്കിൽ അവർ ലോകകപ്പിനെത്തും. ഇനി തോൽവിയാണ് ഫലമെങ്കിൽ യോഗ്യത ഉറപ്പിക്കാൻ ഒരവസരം കൂടി പോർച്ചുഗലിനെ കാത്തിരിപ്പുണ്ട്. 16ന് രാത്രി 7.30ന് അർമേനിയക്കെതിരെ ഒരു യോഗ്യതാ മത്സരം കൂടി പോർച്ചുഗൽ കളിക്കുന്നുണ്ട്.

8. സ്പെയിൻ

ലാമിനെ യമാലിൻ്റെ സ്പെയിനിന് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. നവംബർ 15ന് ജോർജിയയും 19ന് തുർക്കിയുമാണ് അവരുടെ എതിരാളികൾ. 15ന് രാത്രി 10.30ന് നടക്കുന്ന മത്സരത്തിൽ സ്പെയിൻ ജോർജിയയെ തോൽപ്പിക്കുകയും.. തുർക്കി ബർഗേറിയയോട് ജയിക്കാതിരിക്കുകയും ചെയ്താൽ സ്പെയിൻ 2026 ലോകകപ്പിന് യോഗ്യത നേടും. ഇനി സമനിലയോ തോൽവിയോ വഴങ്ങിയാൽ തുർക്കിക്കെതിരായ മത്സരം നിർണായകമാകും. ദുർബലരായ എതിരാളികൾക്കെതിരെ സ്പെയിൻ അനായാസം ജയിച്ചു മുന്നേറുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

FIFA World Cup 2026
മെസ്സിയും ഇൻ്റർ മയാമി ടീമംഗങ്ങളും ഹൈദരാബാദിലേക്ക്; രേവന്ത് റെഡ്ഡിയുടെ സെലിബ്രിറ്റി ടീമിനെതിരെ പന്ത് തട്ടും

9. കോൺകാഫ് സോണിലെ സാധ്യതകൾ

ഇനി കോൺകാഫ് സോണിലേക്ക് വരുമ്പോൾ ഹോണ്ടുറാസും ജമൈക്കയും ലോകകപ്പ് യോഗ്യതയ്ക്ക് അരികിലാണ്. നവംബർ 14ന് നിക്കരാഗ്വെയെ തോൽപ്പിച്ചാൽ അവർക്ക് വഴി തെളിയും. അതോടൊപ്പം കോസ്റ്റാറിക്ക-ഹെയ്തി മത്സരം സമനിലയിലാകുകയും വേണം.

അതേസമയം, ജമൈക്ക ട്രിനിഡാഡ് ആൻഡ് ടൊബാഗോയെ തോൽപ്പിക്കുകയും, ബെർമുഡ കുറസാവോയെ വീഴ്ത്തുകയും ചെയ്താൽ ജമൈക്ക യോഗ്യത നേടും.

10. ആഫ്രിക്കയിൽ ഇനി പ്ലേ ഓഫ് പൂരം

ആഫ്രിക്കയിൽ നിന്ന് മൊറോക്കോ, ടുണീഷ്യ, ഈജിപ്ത്, അൾജീരിയ, ഘാന, സെനഗൽ, ടുണീഷ്യ, കാബോ വെർഡെ, കോട്ട് ഡി ഐവയർ, ദക്ഷിണാഫ്രിക്ക എന്നീ 10 രാജ്യങ്ങൾ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ശേഷിക്കുന്ന ഒരു സ്പോട്ടിനായി ഇനി കടുത്ത പ്ലേ ഓഫ് പോരാട്ടമാണ് നടക്കേണ്ടത്. ഗ്രൂപ്പ് ഘട്ടങ്ങളിലെ സെക്കൻഡ് റണ്ണറപ്പുകൾ തമ്മിലാണ് ഇനി ഏറ്റുമുട്ടുക.

11. ഏഷ്യൻ പ്ലേ ഓഫും നവംബറിൽ

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിലെ യോഗ്യതാ മത്സരങ്ങളിലൂടെ ഖത്തറും സൗദി അറേബ്യയുമാണ് ഒടുവിൽ ലോകകപ്പ് യോഗ്യത നേടിയത്. ഫിഫ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിൽ ഇറാഖും യുഎഇയും രണ്ട് ലെഗുകളിലായി പ്ലേ ഓഫ് മത്സരങ്ങൾ കളിക്കും. നവംബർ 13, 18 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക.

12. ഓഷ്യാനിയ പ്ലേ ഓഫ്

ഓഷ്യാനിയ ഫുട്ബോൾ കോൺഫെഡറേഷന് കീഴിലുള്ള യോഗ്യതാ മത്സരത്തിൽ... ന്യൂസിലൻഡിനോട് പരാജയപ്പെട്ടെങ്കിലും ന്യൂ കാലിഡോണിയയ്ക്ക് ഇപ്പോഴും ലോകകപ്പിലെത്താൻ അവസരമുണ്ട്. അവർക്ക് ഫിഫ പ്ലേ ഓഫ് ടൂർണമെൻ്റിൽ മത്സരിക്കാം.

13. കോൺമെബോളിൽ

തെക്കേ അമേരിക്കയിൽ കോൺമെബോളിൻ്റെ ആറ് സ്ഥാനങ്ങളും ഇതിനോടകം ഉറപ്പിച്ചതോടെ, ഫിഫ പ്ലേ-ഓഫ് ടൂർണമെന്റിലൂടെ ഏഴാമത്തെ ടീമാകാൻ ബൊളീവിയ കാത്തിരിപ്പിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com