റിയോ ഡി ജനീറോ: അടുത്തിടെയാണ് സൂപ്പർ താരമായ നെയ്മർ ജൂനിയർ ബ്രസീലിയൻ ലീഗിൽ തിരിച്ചെത്തിയത്. നിലവിൽ സാൻ്റോസ് താരമായ നെയ്മറുടെ പ്രകടനങ്ങളിൽ ആരാധകർ പഴയത് പോലെ തൃപ്തരല്ല. ലീഗിൽ റെലഗേഷൻ നേരിടുന്നതിൻ്റെ വക്കിൽ നിൽക്കുകയാണ് സാൻ്റോസ്. അപ്പോൾ ഇതുപോലുള്ള കോമാളിത്തരം ഒഴിവാക്കണമെന്നാണ് വിമർശനം.
കഴിഞ്ഞ ദിവസം പാൽമെറാസിന് എതിരായ മത്സരത്തിൽ സാൻ്റോസ് ജയം നേടിയിരുന്നു. എന്നാൽ എതിർ ഗോൾമുഖത്തിനടുത്ത് നെയ്മർ നടത്തിയൊരു നീക്കമാണ് വിമർശനം ക്ഷണിച്ചുവരുത്തുന്നത്. ഇടയ്ക്കിടെ പരിക്കിൻ്റെ പിടിയിലാകുന്ന താരത്തിന് പഴയത് പോലെ തൻ്റെ മാസ്മരിക സ്കില്ലുകളൊന്നും കളിക്കളത്തിൽ പുറത്തെടുക്കാൻ കഴിയുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
നെയ്മറുടെ റെയ്ൻബോ ഫ്ലിക്കുകൾ ലോക പ്രശസ്തമാണ്. എന്നാൽ പാൽമെറാസിനെതിരെ പതിവ് സ്കിൽ പുറത്തെടുക്കാൻ നെയ്മർ ശ്രമിച്ചെങ്കിലും എതിർ ഡിഫൻഡർമാർ അനായാസം പന്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതാണ് ഗ്രൗണ്ടിൽ കാണാനായത്. പണിപ്പെട്ട് പന്ത് വീണ്ടെടുക്കാൻ നെയ്മർ പരിശ്രമിച്ചെങ്കിലും പന്തിലേക്ക് എത്താനായില്ല.
ഈ വീഡിയോ പങ്കുവച്ച് നിരവധി പേരാണ് നെയ്മറെ ട്രോളുന്നത്. അതേസമയം, നെയ്മറെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. ഒരു ദശകത്തോളം കാലം ബ്രസീലിയൻ സുൽത്താനായി വിരാജിച്ച താരത്തെ ഈ മോശം കാലത്ത് ഇങ്ങനെ അപമാനിക്കരുതെന്ന് ചിലർ അഭ്യർത്ഥിച്ചു.