റിയോഡി ജനീറോ: 2026 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ സ്ഥാനം നേടുന്നതിനായി പരിശ്രമിക്കുന്നതിനിടെ 34കാരനായ ബ്രസീലിയൻ ഇതിഹാസ താരത്തിന് കഴിഞ്ഞ ദിവസം നേരിട്ടത് കനത്ത തിരിച്ചടിയാണ്. ബ്രസീലിയൻ സിരീ എ ട്രോഫിക്കായുള്ള ലീഗ് മത്സരത്തിൽ നെയ്മറുടെ സാൻ്റോസ് വഴങ്ങിയത് 3-0 എന്ന സ്കോറിലുള്ള വൻ പരാജയമാണ്.
മത്സരത്തിൽ നെയ്മറെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത മാച്ച് ഒഫീഷ്യലുകൾക്ക് ആളുമാറിയിരുന്നു. ഇതിന് പിന്നാലെ മാച്ച് ഒഫീഷ്യലുകളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് താരം രംഗത്തെത്തിയിരുന്നു. കാർലോ ആൻസലോട്ടി ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുൻപായിരുന്നു ഈ സംഭവം. 65 മിനിറ്റിന് ശേഷം റോബീഞ്ഞോ ജൂനിയറിനെ കളത്തിലിറക്കാനായി യഥാർഥത്തിൽ തിരികെ വിളിക്കാൻ ഉദ്ദേശിച്ചിരുന്നത് ഗോൺസാലോ എസ്കോബാറിനെയാണ്.
എന്നാൽ കാലിൻ്റെ പരിക്കിന് താൽക്കാലിക ചികിത്സയ്ക്കാൻ ഗ്രൗണ്ടിന് വെളിയിൽ ഇറങ്ങിയ നെയ്മറിനെയാണ് സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്തത്. മാച്ച് ഒഫീഷ്യലിന് തെറ്റിയെന്നും സബ്‌സ്റ്റിറ്റ്യൂഷൻ സ്ലിപ്പിൽ എസ്കോബാറിൻ്റെ പേരാണ് രേഖപ്പെടുത്തിയിരുന്നത് എന്നും നെയ്മർ ദേഷ്യത്തോടെ ചൂണ്ടിക്കാട്ടി. ഈ സ്ലിപ്പ് സൂപ്പർതാരം ക്യാമറയ്ക്ക് നേരെ ഉയർത്തിക്കാട്ടുകയും ചെയ്തു. എന്നിരുന്നാലും ക്യാപ്റ്റൻ്റെ ആം ബാൻഡ് എസ്കോബാറിന് കൈമാറിയ നെയ്മർ കളംവിട്ടു.