FOOTBALL

ഫൈനൽ വിസിൽ വരെ നാടകീയത; ഒടുവിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം തൂക്കി സെനഗൽ

അധികസമയത്ത് സെനഗൽ ആദ്യമൊരു തവണ ഗോൾ നേടിയെങ്കിലും മൊറോക്കോ ക്യാപ്റ്റൻ അഷ്റഫ് ഹക്കീമിയെ ഫൗൾ ചെയ്തെന്ന കാരണത്താൽ റഫറി ആ ഗോൾ നിഷേധിച്ചു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

റാബത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ കരുത്തരായ മൊറോക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി കിരീടം നേടി സെനഗൽ. സെനഗലിൻ്റെ രണ്ടാം കിരീടമാണിത്. മൊറോക്കോയിലെ പ്രിൻസ് മൗലായി അബ്ദുള്ള സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ നിശ്ചിതസമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചു.

തുടർന്ന് എക്സ്‌ട്രാ ടൈമിൽ പെ ഗുയെയി നേടിയ ഗോളിനാണ് സെനഗൽ വിജയത്തിലെത്തിയത്. നാടകീയ നിമിഷങ്ങൾക്കിടെ മൊറോക്കോയുടെ പെനാൽറ്റി തടുത്തിട്ട സെനഗൽ ഗോളി എഡ്വേർഡ് മെൻഡിയും ടീമിന് കിരീടം സമ്മാനിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

കരുത്തരുടെ പോരാട്ടത്തിൽ ഇരു ടീമുകൾക്കും അവസരങ്ങളേറെ ലഭിച്ചെങ്കിലും നിശ്ചിതസമയത്ത് ഗോൾ മാത്രം അകന്നുനിന്നു. എന്നാൽ എക്സ്ട്രാ ടൈമിൽ വാശിയേറിയ മത്സരമാണ് കണ്ടത്. അധികസമയത്ത് സെനഗൽ ആദ്യമൊരു തവണ ഗോൾ നേടിയെങ്കിലും മൊറോക്കോ ക്യാപ്റ്റൻ അഷ്റഫ് ഹക്കീമിയെ ഫൗൾ ചെയ്തെന്ന കാരണത്താൽ റഫറി ആ ഗോൾ നിഷേധിച്ചു. എന്നാൽ, വർധിത വീര്യത്തോടെ ആഞ്ഞടിച്ച സെനഗലിൻ്റെ പോരാളികൾ നാല് മിനിറ്റിനകം തന്നെ വിജയഗോൾ കണ്ടെത്തി.

98ാം മിനിറ്റിൽ സെനഗൽ ലീഡ് തുടരവെ മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചതോടെ സെനഗൽ താരങ്ങൾ പ്രതിഷേധിച്ച് കളം വിട്ടുപോയി. തുടർന്ന് സാദിയോ മാനെ ഇടപെട്ടാണ് ടീമിനെ വീണ്ടും കളത്തിലെത്തിച്ചത്.ബ്രാഹിം ഡയസ് എടുത്ത പെനാൽറ്റി സെനഗൽ ഗോളി മെൻഡി തട്ടിയകറ്റിയതോടെ മത്സരം സെനഗൽ കൈപ്പിടിയിലൊതുക്കി.

SCROLL FOR NEXT