റാംലുൻഛുങ്ങ 
FOOTBALL

ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ച് കൂട്ടാൻ മിസോറമുകാരൻ സ്ട്രൈക്കർ; രണ്ടു വർഷത്തേക്ക് കരാർ ഒപ്പിട്ടു

2027-28 സീസൺ വരെയുള്ള കരാറിലാണ് താരം ഒപ്പുവച്ചത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഐഎസ്എൽ 13ാം പതിപ്പിന് മുന്നോടിയായി ഇന്ത്യൻ മുന്നേറ്റ താരം റാംലുൻഛുങ്ങയെ (ഛുങ്ങ ഹ്മാർ) ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എസ്.സി. ഡൽഹിയിൽ നിന്നാണ് 25കാരനായ താരം ടീമിൻ്റെ ഭാഗമാകുന്നത്. 2027-28 സീസൺ വരെയുള്ള കരാറിലാണ് താരം ഒപ്പുവച്ചത്.

മിസോറമിലെ കൊലാസിബ് സ്വദേശിയായ റാംലുൻഛുങ്ങ ഐസ്വാൾ എഫ്‌സിയിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2020ൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഹൈദരാബാദ് എഫ്‌സിയിലെത്തി. 2022-23 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ശ്രീനിധി ഡെക്കാനായി ബൂട്ടണിഞ്ഞ താരം 22 ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും നേടി മികച്ച പ്രകടനം പുറത്തെടുത്തു. തുടർന്ന് ഹൈദരാബാദ് എഫ്‌സിയിൽ തിരിച്ചെത്തിയ റാംലുൻഛുങ്ങ 2023-24 സീസണിൽ ഐഎസ്എല്ലിലും അരങ്ങേറ്റം കുറിച്ചു.

വിംഗുകളിലൂടെ അതിവേഗം മുന്നേറാനും എതിർ പ്രതിരോധനിരയെ മറികടന്ന് മുന്നേറാനുമുള്ള മിടുക്കാണ് താരത്തിന്റെ പ്രധാന കരുത്ത്. മികച്ച പന്ത് നിയന്ത്രണവും ഒഴിഞ്ഞ ഇടങ്ങളിലേക്ക് പന്തുമായി കുതിക്കാനുള്ള വേഗതയും അറ്റാക്കിംഗ് തേർഡിൽ താരത്തെ കൂടുതൽ അപകടകാരിയാക്കുന്നു. മുന്നേറ്റനിരയിൽ ഒന്നിലധികം പൊസിഷനുകളിൽ കളിക്കാൻ സാധിക്കുമെന്നത് ടീമിന്റെ ആക്രമണത്തിന് പുതിയ മാനങ്ങൾ നൽകും.

ഐ ലീഗിലും ഐഎസ്എല്ലിലുമുള്ള പരിചയസമ്പത്തുമായി എത്തുന്ന റാംലുൻഛുങ്ങയുടെ വരവ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയ്ക്ക് കൂടുതൽ വേഗതയും കരുത്തും പകരും. ഐഎസ്എൽ സീസണിന്റെ മുന്നോടിയായി ചെന്നൈയിൽ നടക്കുന്ന പ്രീസീസൺ ക്യാമ്പിൽ ചേർന്ന റാംലുൻഛുങ്ങ സഹതാരങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിക്കഴിഞ്ഞു.

ഇതിന് പുറമെ ഗോൾകീപ്പർ അമരീന്ദർ സിംഗ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെ ടീമിലെത്തിച്ചതായി ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചിരുന്നു.

SCROLL FOR NEXT