പൊരുതി ഇന്ത്യ; ചരിത്ര പോരാട്ടത്തില്‍ ബ്രസീലിന് നാലു ഗോള്‍ ജയം

സാമുവൽ ലിനോ ബ്രസീലിനായി ഇരട്ട ഗോൾ നേടിയപ്പോൾ എസ്താവോ വില്ലിയനും പെഡ്രോയും ഓരോ തവണ ഇന്ത്യന്‍ ഗോള്‍വല കുലുക്കി.
പൊരുതി ഇന്ത്യ; ചരിത്ര പോരാട്ടത്തില്‍ ബ്രസീലിന് നാലു ഗോള്‍ ജയം
ANI
Published on: 
Updated on: 

ഇന്ത്യൻ ഫുട്ബോളിന്റെ മക്കയിലെ ചരിത്ര പോരാട്ടത്തില്‍ ബ്രസീലിന് ജയം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ നടന്ന ഇന്ത്യക്കെതിരായ സൗഹൃദ മത്സരം എതിരില്ലാത്ത നാലു ഗോളിനാണ് ബ്രസീല്‍ സ്വന്തമാക്കിയത്. സാമുവൽ ലിനോ ബ്രസീലിനായി ഇരട്ട ഗോൾ നേടിയപ്പോൾ എസ്താവോ വില്ലിയനും പെഡ്രോയും ഓരോ തവണ ഇന്ത്യന്‍ ഗോള്‍വല കുലുക്കി.

ബ്രസീലിന്റെ മുന്നേറ്റവും ഇന്ത്യയുടെ പ്രതിരോധവും കണ്ടായിരുന്നു കളിയുടെ തുടക്കം. ഏഴാം മിനുറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ ഒരു ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തടുത്തിട്ടു. 27 മിനുറ്റോളം ബ്രസീലിന്റെ കാല്‍ചലനങ്ങള്‍ക്ക് പൂട്ടിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി. എന്നാല്‍, നിരന്തര മുന്നേറ്റത്തിനൊടുവില്‍ 28-ാം മിനുറ്റില്‍ ബ്രസീല്‍ ആ പൂട്ടു പൊളിച്ച് ആദ്യ ഗോള്‍ കണ്ടെത്തി. വലതുവിങ്ങില്‍നിന്ന് ബോക്‌സിനുള്ളിലേക്ക് കുതിച്ചുകയറിയ എസ്താവോയുടെ വലംകാല്‍ ഷോട്ട് ഗോള്‍ കീപ്പര്‍ ഗുർപ്രീത് സിങ് സന്ധുവിനേയും മറികടന്ന് വലയിലെത്തി. 42-ാം മിനുറ്റിലായിരുന്നു പെഡ്രോയുടെ വക ഗോള്‍. ബോക്സിലേക്ക് കടന്ന പെഡ്രോ പന്ത് അനായാസം വലയിലെത്തിച്ചു. ഷോട്ട് തടയാനുള്ള ഗുർപ്രീത് സിങ് സന്ധുവിന്റെ ശ്രമം പരാജയപ്പെടുകയും ചെയ്തതോടെ ആദ്യ പകുതി ബ്രസീല്‍ സ്വന്തമാക്കി.

പൊരുതി ഇന്ത്യ; ചരിത്ര പോരാട്ടത്തില്‍ ബ്രസീലിന് നാലു ഗോള്‍ ജയം
ഇന്ത്യൻ ഫുട്ബോളിന്റെ മക്കയില്‍ ചരിത്രപ്പോരാട്ടം; ഒരുക്കം പൂര്‍ത്തിയാക്കി ഇന്ത്യയും ബ്രസീലും

രണ്ടാം പകുതിയിലും അത്ഭുതങ്ങള്‍ സംഭവിച്ചില്ല. വിനീഷ്യസ് ഉള്‍പ്പെടെ താരങ്ങള്‍ക്കു പകരം ബ്രൂണോ ഗ്വിമെറെസ്, ഗബ്രിയേൽ മഗലസ്, വാൻഡേഴ്സൻ, സാമുവൽ ലിനോ, ഡഗ്ലസ് ലൂയിസ് എന്നിവര്‍ കളത്തിലെത്തി. ഗുർപ്രീതിന് പകരം പ്രഭ്‌സുഖന്‍ ഗില്‍ ഇന്ത്യന്‍ ഗോള്‍വല കാക്കാനെത്തി. കിട്ടിയ അവസരം സാമുവല്‍ ലിനോ പ്രയോജനപ്പെടുത്തി. 58-ാം മിനുറ്റില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ലിനോ ബ്രസീലിന്റെ മൂന്നാം ഗോള്‍ കണ്ടെത്തി. ഇഞ്ചുറി ടൈമിൽ ലിനോ രണ്ടാം ഗോളും കണ്ടെത്തിയതോടെ നാല് ഗോളിന്റെ ആധികാരിക ജയം ബ്രസീല്‍ സ്വന്തമാക്കി.

ബ്രസീല്‍ പ്രതിരോധത്തെ പരീക്ഷിച്ച്, കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഇന്ത്യ ഗോളിനായി ശ്രമിച്ചെങ്കിലും ഗോളി പെഡ്രോ മൊറിസ്കോയുടെ മികച്ച സേവുകളും ഗോൾ ലൈൻ ക്ലിയറൻസുമൊക്കെ മറികടക്കാനാവാത്ത വെല്ലുവിളിയായി. ലഭിച്ച കോർണർ കിക്ക് ആകട്ടെ ഇന്ത്യ പാഴാക്കുകയും ചെയ്തു.

News Malayalam 24x7
newsmalayalam.com