ചാംപ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. റയൽ മാഡ്രിഡ്, ലിവർപൂളിനെയും പിഎസ്ജി, ബയേൺ മ്യൂണിക്കിനെയും നേരിടും. ആഴ്സനൽ, യുവൻ്റസ്, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകൾക്കും ഇന്ന് മത്സരമുണ്ട്. നേർക്കുനേർ വരുമ്പോഴെല്ലാം വീറും വാശിയുമേറുന്ന മത്സരം. ചാംപ്യൻസ് ലീഗ് കലാശപ്പോരിലടക്കം ലിവർപൂളിനെ കണ്ണീരണിയിച്ച റയൽ ഇത്തവണയും ജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടില്ല.
ആൻഫീൽഡിലാണ് മത്സരമെന്നത് ലിവർപൂളിന് അനുകൂലമെങ്കിലും സീസണിലേറ്റ തുടർ തോൽവികൾ വെല്ലുവിളിയാണ്. എല്ലാത്തിനുമുപരി ലിവർപൂളിൻ്റെ മുൻതാരം അലക്സാണ്ടർ അർനോൾഡിനെ ആൻഫീൽഡ് എങ്ങനെ സ്വീകരിക്കുന്നുവെന്നതും കൗതുകമാണ്. സീസണിൽ അപാര ഫോമിലുള്ള റയൽ ചാംപ്യൻസ് ലീഗിൽ മൂന്നിലും ജയിച്ച് മികച്ച ഫോമിലാണ്. ഗോളടിച്ച് കൂട്ടുന്ന എംബാപ്പെയെ തള്കകാൻ നിരന്തരം ഗോൾ വഴങ്ങുന്ന ലിവർപൂൾ പ്രതിരോധ നിര അമ്പേ പാടുപെടും.
ചാംപ്യൻസ് ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാരെന്നതിനുപരി യൂറോപ്യൻ ഫുട്ബോളിലെ വൻ ശക്തികളാണ് പിഎസ്ജിയും ബയേണും. നിലവിലെ ചാമ്പ്യന്‍മാരായ പിഎസ്ജി ഈ സീസണിലും തകർപ്പൻ ഫോമിലാണ്. എന്നാൽ ഗോളടിച്ച് കൂട്ടുന്ന ഹാരി കെയ്നെ പിടിച്ച് കെട്ടുക എളുപ്പമാവില്ല പിഎസ്ജിക്ക്. ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നത് പിഎസ്ജിക്ക് അനുകൂലമാണ്.
മറ്റ് മത്സരങ്ങളിൽ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സനൽ സ്ലാവിയ പ്രാഹയെയും ടോട്ടനം കോപ്പൻഹേഗനെയും നേരിടും. ഇറ്റാലിയൻ ക്ലബ്ബ് യുവൻ്റസ്, നാപ്പോളി തുടങ്ങിയവർക്കും ഇന്ന് മത്സരമുണ്ട്. രാത്രി 11.15 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.