FOOTBALL

റയാൻ വില്യംസിനെ ഇന്ത്യൻ ജഴ്സിയിൽ എത്തിച്ചത് സുനിൽ ഛേത്രി; എഐഎഫ്എഫിന് വൈകി വന്ന വിവേകമോ?

ഇന്ത്യൻ ടീമിൽ വിദേശികളെ ടീമിൽ കളിപ്പിക്കുന്ന ഒരു മുൻകാല ചരിത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൻ്റെ അന്താരാഷ്ട്ര പോരാട്ടങ്ങളിൽ സുനിൽ ഛേത്രിയുടെ ബൂട്ടുകളിൽ നിന്ന് ഗോൾ പിറക്കാതായതോടെ പകരക്കാരനായുള്ള തെരച്ചിലിലായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങിയ ലാലിയൻസുവാല ഛാങ്തെ, ലിസ്റ്റൺ കൊളാസോ പോലുള്ള താരങ്ങളെ പരീക്ഷിച്ചെങ്കിലും അതൊന്നും വേണ്ടത്ര ഫലവത്തായില്ല.

ഈ വർഷമാദ്യമാണ് ബെംഗളൂരു എഫ്‌സി താരമായ റയാൻ വില്യംസ് എന്ന ഓസീസുകാരൻ ഫുട്ബോളർ ഇന്ത്യൻ ടീമിനായി കളിക്കാൻ താൽപ്പര്യമറിയിച്ചെന്ന് സുനിൽ ഛേത്രി വെളിപ്പെടുത്തിയത്. എന്നാൽ, ഇന്ത്യൻ ടീമിൽ ഇതേവരെ വിദേശികളെ ടീമിൽ കളിപ്പിക്കുന്ന ഒരു മുൻകാല ചരിത്രം ഉണ്ടായിരുന്നില്ല.

2025 മെയ് മാസം കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ ദേശീയ ക്യാംപിനിടയിലാണ് ഇന്ത്യൻ പാസ്പോർട്ടിനായി റയാൻ വില്യംസ് ശ്രമിക്കുന്നുണ്ടെന്നും ബെംഗളൂരുവിൽ ഇതിനായി പേപ്പറുകൾ സമർപ്പിച്ചെന്നും ഛേത്രി പറഞ്ഞ് അറിഞ്ഞതെന്ന് എഐഎഫ്എഫ് പ്രസിഡൻ്റ് കല്യാൺ ചൗബെ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ഡൽഹിയിൽ അതാത് ഡിപ്പാർട്ട്മെൻ്റുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

ആറ് വർഷം മുമ്പ് നടന്ന ഓസ്ട്രേലിയക്കായി ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും മുമ്പ്, റയാൻ വില്യംസ് അണ്ടർ 19, അണ്ടർ 20 യൂത്ത് തലങ്ങളിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഫിഫ ചട്ടങ്ങൾ പ്രകാരം, സ്വന്തം രാജ്യത്തെ സീനിയർ ടീമിലെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് മാത്രമെ മറ്റു രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് കളിക്കാരെ വിലക്കുന്നുള്ളൂ.

2023 മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ബെംഗളൂരു എഫ്‌സിയുടെ താരമാണ് റയാൻ. ഈ വർഷം ഏപ്രിലിൽ ഐഎസ്എൽ കപ്പ് ഫൈനലിൽ എത്താനും താരം ക്ലബ്ബിനെ സഹായിച്ചു. കഴിഞ്ഞ സീസണിൽ 10 ഗോളുകളും നാല് അസിസ്റ്റുകളും ടീമിനായി സംഭാവന നൽകി.

“ഒരു വിദേശിക്ക് ഇന്ത്യൻ പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും പൂർത്തിയാകാൻ സാധാരണയായി വളരെയധികം സമയമെടുക്കും. ചിലപ്പോൾ വർഷങ്ങളെടുക്കും. കാരണം ഒന്നിലധികം ഏജൻസികൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാൽ അത് വെറും ഏഴ് മാസത്തിനുള്ളിൽ പൂർത്തിയായി. ഈ പ്രക്രിയ ഉറപ്പാക്കിയതിന് കായികമന്ത്രി മൻസുഖ് മാണ്ഡവ്യയോട് ഞാൻ നന്ദിയുള്ളവനാണ്," കല്യാൺ ചൗബേ വിശദീകരിച്ചു.

നവംബർ 18ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് മൂന്നാം റൗണ്ട് (എവേ) യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യതാ പട്ടികയിൽ റയാൻ വില്യംസിനെ ഉൾപ്പെടുത്തും. ഫുട്ബോൾ ഓസ്‌ട്രേലിയയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ധാക്കയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറാൻ താരത്തിന് കഴിയും.

"സുനിൽ ഛേത്രിയെ പോലുള്ള ഒരു മുതിർന്ന കളിക്കാരൻ രാജ്യത്തിന് മികച്ച മാതൃകയാണ്. അതിനാൽ അദ്ദേഹം ടീമിൻ്റെ പുനർനിർമാണത്തിൽ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, താനില്ലാതെ തന്നെ ടീമിനെ ആസൂത്രണം ചെയ്യുന്നതാണ് നല്ലതെന്ന് ഛേത്രി പറഞ്ഞു. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഞാൻ അതിനെ ബഹുമാനിക്കുന്നു," ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2027ലെ എ‌എഫ്‌‌സി ഏഷ്യൻ കപ്പിനുള്ള അവസാന യോഗ്യതാ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ആണ് കളിക്കുന്നത്. തുടർന്ന് ചൈനയിൽ ഹോങ്കോങ്ങിനെതിരെ ആണ് അടുത്ത മത്സരം. നിലവിൽ ഇന്ത്യക്ക് ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാനുള്ള എല്ലാ സാധ്യതകളും അടഞ്ഞ മട്ടാണ്.

SCROLL FOR NEXT