Source: X/ Cristiano Ronaldo
FOOTBALL

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ലെന്ന് റിപ്പോർട്ട്; ടിക്കറ്റെടുത്ത ആരാധകർ ഞെട്ടലിൽ

സൗദി മാധ്യമങ്ങളാണ് ഇന്ത്യയിലെ ക്രിസ്റ്റ്യാനോ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ടുകൾ പങ്കുവച്ചത്.

Author : ന്യൂസ് ഡെസ്ക്

ഗോവ: എഎഫ്‌സി ചാംപ്യൻസ് ലീഗിൽ എഫ്‌സി ഗോവയുമായുള്ള മത്സരത്തിൽ പങ്കെടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് വരില്ലെന്ന് റിപ്പോർട്ട്. സൗദി മാധ്യമങ്ങളാണ് ഇന്ത്യയിലെ ക്രിസ്റ്റ്യാനോ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ടുകൾ പങ്കുവച്ചത്.

ഒക്ടോബർ 22ന് എഫ്‌സി ഗോവയ്‌ക്കെതിരായ അൽ നസറിന്റെ ഏഷ്യൻ എഎഫ്‌സി ചാംപ്യൻസ് ലീഗ് 2 എവേ മത്സരത്തിനായി ഫുട്ബോൾ ഇതിഹാസം ഇന്ത്യൻ വിസയ്ക്ക് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ മത്സരത്തിനായി പോർച്ചുഗീസ് ലെജൻഡ് ഇന്ത്യയിലേക്ക് വരില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടീമിൽ റൊണാൾഡോയെ ഉൾപ്പെടുത്തണമെന്ന് എഫ്‌സി ഗോവയുടെ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും, ചാംപ്യൻസ് ലീഗിലെ എവേ മത്സരത്തിനായി അൽ നസർ നായകൻ ഇന്ത്യയിലേക്ക് പറക്കില്ലെന്ന് സൗദി ആസ്ഥാനമായുള്ള പത്രമായ അൽ റിയാദിയ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ട് പ്രകാരം 40കാരനായ താരം ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചതിന് പിന്നിൽ പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ല. എന്നിരുന്നാലും അൽ നസറുമായുള്ള കരാറിൽ സൗദി അറേബ്യയ്ക്ക് പുറത്തുള്ള മത്സരങ്ങൾ തെരഞ്ഞെടുക്കാനുള്ള അവകാശം അദ്ദേഹത്തിന് നൽകുന്ന ഒരു വ്യവസ്ഥയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

പോർച്ചുഗലിനൊപ്പം 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള ആഗ്രഹവും പ്രായക്കൂടുതലും കാരണം റൊണാൾഡോ തൻ്റെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധാലുവാണ്. റൊണാൾഡോയുടെ അഭാവത്തിൽ അൽ നസർ ഏഷ്യൻ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2ലെ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും വിജയിച്ചു എന്നതും ഇവിടെ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.താനില്ലെങ്കിലും ടീം അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന് ക്രിസ്റ്റ്യാനോ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

SCROLL FOR NEXT